ഒരു നടപടിക്രമങ്ങളും പാലിക്കുന്നില്ല-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേട്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍  ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെ ചാകരയുമായി ഓഡിറ്റ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍വ്വ മേഖലയിലും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

ആശുപത്രിവികസനസമിയുടെ എക്‌സിക്യുട്ടീവും ജനറല്‍ ബോഡിയും വിളിച്ചുചേര്‍ക്കുന്നതിലെ വീഴ്ച്ച, വിവിധ രജിസ്റ്ററുകളുടെ അഭാവം, ആശുപത്രി വികസനസമിതിയുടെ വരുമാനത്തില്‍ 10 ലക്ഷത്തോളം രൂപ കാണാതായത് ഉള്‍പ്പെടെ അതീവ ഗുരുതരമായ അപകാതകളാണ് പുറത്തുവന്നിരിക്കുന്നത്.

വാടകഇനത്തില്‍ തുക പിരിച്ചെടുക്കുന്നതിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.

എച്ച്.ഡി.എസ് ഫാര്‍മസി, ആശുപത്രി വരുമാനം എന്നീ ഇനങ്ങളില്‍ നീക്കിയിരിപ്പും പാസ്ബുക്കും തമ്മില്‍ 10,22,355.94 ലക്ഷം രൂപയുടെ വ്യത്യാസം നിലവിലുണ്ട്.

ഒരുവിധ നടപടിക്രമങ്ങളും പാലിക്കാത്തതിനാല്‍ ഈ തുക എവിടെ പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ശരിയായ കണക്ക് സൂക്ഷിക്കാത്തതിനാല്‍ ഫാര്‍മസി വരുമാനത്തില്‍ 12 കോടിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് കാമ്പസില്‍ വാടകക്ക് നല്‍കിയ കെട്ടിടങ്ങളില്‍ നിന്ന് 2020-23 കാലയളവില്‍ 29,07,124 ലക്ഷം രൂപയാണ് കുടിശ്ശിക ലഭിക്കാനുള്ളത്.

ബി.എസ്.എന്‍.എല്‍, കേരളാ ബാങ്ക്, എ.ടി.സി ടെലികോം തുടങ്ങിയ സ്ഥാപനങ്ങളാണ് കുടിശ്ശിക നല്‍കാനുള്ളത്.

സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് 7 സ്ഥാപനങ്ങളില്‍ വാടക കുടിശ്ശിക വരുത്തിയാല്‍ 24 ശതമാനം നിരക്കില്‍ പിഴപലിശ ഈടാക്കാന്‍ കരാറുണ്ടെങ്കിലും അത് ഈടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ 75,918.50 രൂപുടെ നഷ്ടം സംഭവിച്ചതും റിപ്പോര്‍ട്ടിലുണ്ട്.

മെഡിക്കല്‍ കോളേജും കുടുംബശ്രീ ജില്ലാ മിഷനും തമ്മിലുള്ള കരാറില്‍ പിരിച്ചെടുക്കുന്ന പാര്‍ക്കിംഗ് ഫീസ് എല്ലാ തിങ്കളാഴ്ച്ചയും വികസനസമിതിയുടെ ബാങ്ക് അക്കൗണ്ടില്‍ അടക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇത് പാലിക്കുന്നില്ലെന്നും വരുമാനത്തിന്റെ കളക്ഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രി വികസനസമിതിയുടെ എക്‌സിക്യുട്ടീവും ജനറല്‍ബോഡിയും വിളിച്ചുചേര്‍ക്കാത്തത് ഗുരുതര വീഴ്ച്ചയായിട്ടാണ് കാണുന്നത്.

വികസനസമിതി എക്‌സിക്യുട്ടീവ് കമ്മറ്റി കാലാവധി 2022 ല്‍ തീര്‍ന്നുവെങ്കിലും പുന:സംഘടിപ്പിക്കുകയോ കാലാവധി പൂര്‍ത്തിയായ കമ്മറ്റി തുടരാന്‍ അനുമതി വാങ്ങുകയോ ചെയ്തില്ല.

ബൈലോ പ്രകാരം എല്ലാ മാസവും കമ്മറ്റി ചേരണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മൂന്ന് വര്‍ഷത്തിനിടയില്‍ 5 തവണ മാത്രമാണ് ചേര്‍ന്നത്.

ജനറല്‍ബോഡി യോഗം മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെങ്കിലും 2020 ആഗസ്ത്-17 ന് മാത്രമാണ് ജനറല്‍ ബോഡി ചേര്‍ന്നത്.

2023 ഡിസംബര്‍ 10 ന് ജനറല്‍ ബോഡി വിളിച്ചുവെങ്കിലും ക്വാറം തികയാത്തതിനാല്‍ യോഗം ചേര്‍ന്നില്ല.

ഇതിന് പുറമെ വിവിധ വിഭാഗങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.