നഗരസഭയുടെ അധീനതയിലുള്ള നടപ്പാത വെട്ടിപ്പൊളിച്ച് ഉയര്‍ത്തി സ്വകാര്യ വ്യക്തി കോണ്‍ക്രീറ്റ് ചെയ്തു
തളിപ്പറമ്പ്: നഗരസഭയുടെ അധീനതയിലുള്ള നടപ്പാത വെട്ടിപ്പൊളിച്ച് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പോലീസ് സ് സ്റ്റേഷന് മുന്നില്‍ നഗരസഭാ റോഡിനോട് ചേര്‍ന്ന നടപ്പാത വെട്ടിപ്പൊളിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിലേക്ക് വാഹനം കടന്നുപോകാനായി സ്ളാബ് ചെരിച്ച് വെച്ച് കോണ്‍ക്രീറ്റ് ചെയ്തത്.
കൂടാതെ കെട്ടിടത്തില്‍ നിന്നുള്ള മലിനജലം കടന്നുപോകാനായി വലിയ പി.വി.സി പൈപ്പും ഇതിനകത്ത് സ്ഥാപിച്ചിട്ടുണ്ട്.
സ്ളാബ് ചെരിച്ച് വെച്ചതോടെ നടപ്പാതയിലൂടെയുള്ള കാല്‍നടയാത്ര ബുദ്ധിമുട്ടായി മാറിയിരിക്കയാണ്.
അനുമതിവാങ്ങാതെയാണ് ഈ പ്രവൃത്തി നടത്തിയിരിക്കുന്നതെന്നും നഗരസഭാ എഞ്ചീനീയറോട് സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്നിസാര്‍ പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ സ്ഥലം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി നിയമപ്രകാരം കേസെടുക്കാന്‍ സെക്രട്ടെറി പോലീസില്‍ പരാതി നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.