‘ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും’
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പിവി അന്‍വറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. അന്‍വറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.
‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന മുദ്രാവാക്യം മുഴക്കിയും അന്‍വറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം. ‘ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിലമ്പൂരില്‍ പിവി അന്‍വറിന്റെ കോലവും കത്തിച്ചു.
കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട് ടൗണില്‍ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. വരും ദിവസങ്ങളിലും അന്‍വറിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ മുന്നറിയിപ്പ്. അതേസമയം പ്രതിഷേധം നടത്തുകയാണെങ്കിലും മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ് തന്റെ ഒപ്പമാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ?ഗോവിന്ദന്‍ അന്‍വറിനെ തള്ളി രം?ഗത്തെത്തിയിരുന്നു.