ഇ.ഡി.അന്വേഷണം പ്രഖ്യാപിക്കണം-ബി.ജെ.പി നോതാവ് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്:തളിപ്പറമ്പിലെ സി.പി.എം ഭൂമി വിവാദവും സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം എ.പി. ഗംഗാധരന്‍ ആവശ്യപ്പെട്ടു.

വനിതാ സഹകരണ സംഘത്തിന്റെ മറവില്‍ നടന്ന ഈ വന്‍ ഇടപാടുകള്‍ സഹകരണ പ്രസ്ഥാനത്തിന് തന്നെ നാണക്കേടായിരിക്കുകയാണെന്നും സാധാരണക്കാര്‍ക്ക് സഹകരണ മേഖലയോടുള്ള വിശ്വാസത്തിന്‍മേല്‍ കടന്നുകയറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. നേതാക്കളുടെ അഴിമതിക്കും മറ്റും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നമുക്ക് മുമ്പിലുള്ള ഏറ്റവും നല്ല ഉദാഹരണമാണ്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഉപയോഗിച്ചു കൊണ്ട് നടത്തുന്ന എല്ലാ ഇടപാടുകളും ഇ ഡി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും, വലിയ അഴിമതിയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇതെന്നും, യഥാര്‍ത്ഥ അന്വേഷണമുണ്ടായാലേ സത്യം പുറത്തു വരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ പാര്‍ട്ടി എന്ന് സ്വയം പറയുന്ന സി.പി.എം ഇന്ന് ഇത്തരത്തിലുള്ള നേതാക്കളുടെ ജീര്‍ണതയ്ക്ക് പച്ചക്കൊടി കാണിക്കുകയാണെന്നും, അതിന്റെ ഒരു ഭാഗം മാത്രമാണ് തളിപ്പറമ്പിലെ ഭൂമി വിവാദം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലക്ഷക്കണക്കിന് രൂപയുടെ ഈ ക്രമക്കേടില്‍ മനംനൊന്ത അണികള്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നും അവര്‍ ബി.ജെ.പി. നേതൃത്വമായി ചര്‍ച്ചയ്ക്ക് വരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രാദേശിക നേതാക്കളുടെ കൊള്ളരുതായ്മകള്‍ക്ക് ചൂട്ട് പിടിക്കുന്ന മേല്‍ഘടകത്തിന്റെ നടപടികള്‍ അണികളില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റി അംഗത്തേയും ലോക്കല്‍ കമ്മിറ്റി അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സത്യസന്ധമായ അന്വേഷണം നടത്താന്‍ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ ഇ ഡി യുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും ഗംഗാധരന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.