60 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയില്‍

ആലക്കോട്: കാറില്‍ കടത്തിയ 60 ലിറ്റര്‍ ചാരായം സഹിതം മധ്യവയസ്‌കന്‍ പിടിയില്‍.

ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.വി.ഗിരീഷും സംഘവും നടത്തിയ റെയ്ഡില്‍ വെള്ളാട് ഒറ്റത്തൈ എന്ന സ്ഥലത്തു വെച്ച് കെ.എല്‍-.59. എം 8390 നമ്പര്‍ കാറില്‍ 60 ലിറ്റര്‍ ചാരായം കടത്തികൊണ്ടു വന്ന ഒറ്റത്തൈയിലെ തെങ്ങുംപള്ളില്‍ ബിജു തോമസ് (53)നെ അറസ്റ്റു ചെയ്ത് കേസെടുത്തു.

ഒറ്റത്തൈ ടൗണില്‍ ചാരായ വില്പന നടത്തികൊണ്ടിരുന്ന ബിജു തോമസിനെക്കുറിച്ച് ആലക്കോട് റേഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.കെ.തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുനാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

ഗ്രേഡ് അസി.എക്‌സൈസ് ഓഫീസര്‍മാരായ ടി.കെ.തോമസ്, വി.വി.ബിജു, പിവന്റീവ് ഓഫീസര്‍ (ഗ്രേഡ്)സി.പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.ധനേഷ്, ടി.പ്രണവ്, ടി.പി.സബീഷ്, കെ.വി.ഷൈജു, ഡ്രൈവര്‍ ജോജന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.