ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കാശ്മീര്‍ സ്വദേശി അറസ്റ്റില്‍.

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കാശ്മീര്‍ സ്വദേശി അറസ്റ്റില്‍.

ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസിനെയാണ്(21) സുരക്ഷാ വിഭാഗം പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ഉച്ചക്ക് രണ്ടരയോടെ ഇയാളെ നേവല്‍ അക്കാദമി അധികൃതര്‍ പയ്യന്നൂര്‍ പോലീസിന് കൈമാറി.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ മുംബൈയില്‍ ജോലിചെയ്തുവരുന്ന മുഹമ്മദ് മുര്‍ത്താസ് നേവിയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ടോ എന്ന് അറിയാന്‍ എത്തിയതാണെന്നാണ് വെളിപ്പെടുത്തിയത്.

മുംബൈയില്‍ അന്വേഷിച്ചാല്‍ പോരേ എന്ന ചോദ്യത്തിന് അവിടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതലാണെന്നും ഇവിടെ സുരക്ഷ കുറവാണെന്ന് മനസിലാക്കിയതിനാലാണ് എത്തിയതെന്നുമാണ് വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്ത മുഹമ്മദ് മുര്‍ത്താസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.