അഞ്ച് രൂപയില്ലേ–അതിദരിദ്രനോ ? .തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എല്ലാവരോടും ഫീസ്.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അന്ത്യോദയാ കാര്‍ഡ് ഉടമകളോടും ഒ.പി.ഫീസ് വാങ്ങിത്തുടങ്ങി.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗമാണ് എല്ലാവരോടും 5 രൂപ ഒ.പി ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്.

നേരത്തെ അന്ത്യോദയാ കാര്‍ഡ് ഉടമകളെ ഒ.പി.ഫീസ് ഉള്‍പ്പെടെ എല്ലാതരം ഫീസില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിരുന്നു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ രോഗികളോട് ഒരു വിധത്തിലുള്ള ഒ.പി.ഫീസും വാങ്ങുന്നില്ല.

ജില്ലയിലെ മറ്റ് ആശുപത്രികളിലും അന്ത്യോദയാ വിഭാഗത്തില്‍ നിന്നും ഫീസ് വാങ്ങുന്നില്ല.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വിരുദ്ധമായി ഏറ്റവും താഴെതട്ടിലുള്ള പാവങ്ങളോട് ഫീസ് ഈടാക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇന്നത്തെക്കാലത്ത് അഞ്ച് രൂപ ഇല്ലാത്തവരാരാണുള്ളതെന്നാണ് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.നബീസാബീവിയുടെ പ്രതികരണം.

ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത സി.പി.എം. പ്രതിനിധി പുല്ലായിക്കൊടി ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്മതത്തോടെയാണ് അന്ത്യോദയാ വിഭാഗം ഉള്‍പ്പടെ എല്ലാവരോടും ഫീസ് വാങ്ങാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ അഞ്ച് രൂപ ഇല്ലാത്തവര്‍ക്ക് ചികില്‍സ നിഷേധിക്കില്ലെന്നും നബീസാബീവി വ്യക്തമാക്കി.

പക്ഷെ, ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശമൊന്നുമില്ലെന്നും ഒ.പി.ടിക്കറ്റ് നല്‍കുന്നതിന്റെ എണ്ണത്തിനനുസരിച്ച് പണം അടച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ജീവനക്കാരിയില്‍ നിന്നും പണം

ഈടാക്കുമെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ 5 രൂപ ഇല്ലാത്തവര്‍ക്ക് ഫലത്തില്‍ ചികില്‍സ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

 വരവും ചെലവും ഒത്തുപോകാത്ത അവസ്ഥയിലാണ് എല്ലാ വിഭാഗക്കാരോടും ഫീസ് വാങ്ങാന്‍ തീരുമാനിച്ചതെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ വ്യക്തമാക്കി.

ആവശ്യത്തിലേറെ പാര്‍ശ്വവര്‍ത്തികളെ ആശുപത്രി മാനേജിങ്ങ് കമ്മറ്റിയുടെ പേരില്‍ ആശുപത്രിയില്‍ ജോലിക്ക് നിയോഗിക്കുകയും അവര്‍ക്ക് ശമ്പളം നല്‍കാന്‍ രോഗികളെ പിഴിയുന്ന സമീപനവുമാണ്

ഇവിടെ നടക്കുന്നതെന്ന് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എം.സി.സുകുമാരന്‍ കുറ്റപ്പെടുത്തി. അതിദാരിദ്ര്യ വിഭാഗത്തോടും ഫീസ് വാങ്ങിത്തുടങ്ങിയതോടെ ധര്‍മ്മാശുപത്രി സങ്കല്‍പ്പം അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.