പളുങ്ക്ബസാറിലെ കള്ളനെ ഇനിയും പിടിച്ചില്ല-ഉല്‍സവാഘോഷം തടയാന്‍ എന്താ ആവേശം.
പരിയാരം: ഉല്‍സവാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പോലീസിന്റെ സമീപനത്തിനെതിരെ ജനരോഷം പുകയുന്നു.
പത്ത് മണിക്ക് ശേഷം ഉല്‍സവാഘോഷ പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരേയും, മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേയും നടപടി എടുക്കുമെന്ന പരിയാരം എസ്എച്ച്ഒ ഇ.കെ ഷിജുവിന്റെ നിലപാടിനെതിരെ നിരവധി ക്ഷേത്രകമ്മറ്റികളാണ് രംഗത്തുവന്നിരിക്കുന്നത്.
രാത്രി പത്ത് മണിക്ക് ശേഷം മൈക്ക് സെറ്റ് പ്രവര്‍ത്തിക്കരുതെന്ന കോടതി ഉത്തരവ് ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിനാണ് പത്ത് മണിക്ക് ശേഷമുള്ള കലാപരിപാടികള്‍ അടക്കമുള്ളവ തടയേണ്ടി വരുന്നതെന്നുമാണ് പോലീസ് പറയുന്നത്.
രാത്രി പത്ത് മണിക്ക് ശേഷം പരിപാടി നടത്തിയാല്‍ മറ്റ്പ്രദേശങ്ങളില്‍ ഉല്‍സവങ്ങളായാലും, പെരുന്നാള്‍ ആയാലും അനുബന്ധ കലാപരിപാടികള്‍ക്ക് പോലീസ് അധികാരികള്‍ തടസ്സമുണ്ടാക്കുന്നില്ലെന്നും അതിന് ഉദാഹരണമാണ് പയ്യന്നൂര്‍, ചന്തേര സ്റ്റേഷന്‍ പരിധികളില്‍ നടന്ന പെരുങ്കളിയാട്ടം പോലുളള ഉല്‍സവങ്ങളും അനുബന്ധ പരിപാടികളെന്നും ക്ഷേത്ര കമ്മറ്റിക്കാര്‍ പറയുന്നു.
തളിപ്പറമ്പില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നടന്ന ഹാപ്പിനസ് ഫെസ്റ്റിവല്‍ eപാലെയുള്ള പരിപാടികളും നടന്നിരുന്നു.
പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇതൊന്നും അനുദിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറത്തില്‍ പിലാത്തോട്ടം സ്വദേശിയായ ദിലീപ് ചോദിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-ന് അറത്തില്‍ പിലാത്തോട്ടം ക്ഷേത്രത്തില്‍ നടന്ന ഗാനമേള പരിയാരം പോലീസ് ഇടപെട്ട് നിര്‍ത്തിച്ചിരുന്നു.
പുളിയൂലില്‍ മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്ത സംഭവവും ഉണ്ടായി.
ഇരുപത്തിയാറ് കവര്‍ച്ച കേസുകള്‍ പരിയാരം സ്റ്റേഷന്‍ പരിധിയില്‍ തെളിയാനുണ്ടെന്നും ഉല്‍സവാഘോഷം പോലെയുള്ളവ തടയാന്‍ കാണിക്കുന്ന ഉല്‍സാഹം ഈ കേസുകളിലെ മോഷ്ടാക്കളെ പിടിക്കാനും കാണിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പരിയാരം പളുങ്ക്ബസാറില്‍ നടന്ന മോഷണക്കേസിലെ പ്രതികളെ പോലീസ് ഇതേവരെ പിടികൂടിയിട്ടില്ല.
മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കേസെടുക്കുന്നത് അവസാനിപ്പിക്കണം
മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് സൗണ്ട് ആന്‍ഡ് ഇല്യുമിനേഷന്‍ പന്തല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. പരിയാരം പോലീസ് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസെടുക്കുന്നത് നിര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടും. സ്വതന്ത്രമായി ഭീതിയില്ലാതെ തൊഴിലെടുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നുമാണ് ആവശ്യം. നാടിന്റെ ആഘോഷങ്ങളിലേക്കുള്ള പരിയാരം പോലീസിന്റെ കടന്നു കയറ്റം അവസാനിപ്പിക്കണമെന്നും കോവിഡ് കാലം സൃഷ്ടിച്ച തൊഴിലില്ലായ്മ മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നത്തില്‍ നിന്നും കരകയറുവാനുള്ള ശ്രമം ഇല്ലാതാക്കി ജീവിതമാര്‍ഗ്ഗത്തെ തടസപ്പെടുത്തരുതെന്നും ലൈറ്റ് & സൗണ്ട് രംഗത്തെ തൊഴിലാളികള്‍ പറയുന്നു.