സ്വാതന്ത്ര്യ സമരകഥ പറയും ഇനി മൂത്തേടത്തെ ചുവരുകള്‍-ഫ്രീഡം വാളിന് തുടക്കമായി
തളിപ്പറമ്പ്: സ്‌കൂള്‍ ചുവരില്‍ സ്വാതന്ത്ര്യ സമര ചരിത്രം ആലേഖനം ചെയ്യുന്ന ‘ഫ്രീഡം വാള്‍ ‘ പദ്ധതിക്ക് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.
നാഷണല്‍ സര്‍വ്വീസ് സ്‌കീമാണ് ഫ്രീഡം വാള്‍ എന്ന പേരില്‍ സ്വാതന്ത്ര്യ സമര ചരിത്രം ചുവരില്‍ ആലേഖനം ചെയ്യുന്ന പദ്ധതി ആവിഷ്‌കരിച്ചത്.
മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖത്തില്‍ നടന്നുവരുന്ന സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച്
പ്രശസ്ത ചിത്രകാരന്‍ പ്രദീപ് ഹേന മൂവര്‍ണ്ണ പശ്ചാത്തലത്തില്‍ ഗാന്ധിജിയെ ആവിഷ്‌ക്കരിച്ചു കൊണ്ട് ഫ്രീഡം വാളിന് തുടക്കം കുറിച്ചു.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രം വരും ദിവസങ്ങളിലും വളണ്ടിയര്‍മാരുടെയും ചിത്രകാരന്‍മാരുടെയും സഹായത്തോടെ സ്‌കൂള്‍ ചുവരില്‍ ആലേഖനം ചെയ്യും.
സ്വാതന്ത്ര്യ സമര ചരിത്രം യഥാര്‍ത്ഥ രൂപത്തില്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയാണ് ഫ്രീഡം വാളിന്റെ ഉദ്ദേശം. നാഷണല്‍ സര്‍വ്വീസ് സ്‌കീം ദിനമായ സപ്തംബര്‍ 24 ന് ഫ്രീഡം വാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര പഠനത്തിനായി സമര്‍പ്പിക്കും.