ജോര്‍ജ്‌ വടകര-സമാനതകളില്ലാത്ത മനുഷ്യസ്‌നേഹിയും രാഷ്ട്രീയക്കാരനും


തളിപ്പറമ്പ്‌: വലതുകൈ കൊണ്ട്‌ കൊടുക്കുന്നത്‌ ഇടതുകൈ അറിയരുതെന്ന നിലപാട്‌ സ്വീകരിച്ച വ്യക്തിത്വമായിരുന്നു ഇന്ന്‌ രാവിലെ നിര്യാതനായ ജോര്‍ജ്‌ വടകര.

സമാനതകളില്ലാത്ത രാഷ്ട്രീയക്കാരനും പകരംവെക്കാനില്ലാത്ത സാമൂഹ്യജനസേവന പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

ചെമ്പന്‍തൊട്ടി എന്ന മലയോരഗ്രാമത്തില്‍ നിന്നും കലാലയപഠനത്തിനായി തളിപ്പറമ്പിലെത്തിയ അദ്ദേഹം പിന്നീട്‌ തളിപ്പറമ്പിന്റെ എല്ലാ രംഗത്തും നിറസാന്നിധ്യമാവുകയായിരുന്നു.

തലശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്‌ കീഴില്‍ രൂപീകരിച്ച ഹാര്‍ട്ട്‌ലിങ്ക്‌സ്‌ എന്ന ധര്‍മ്മസംഘടനയുടെ കോ-ഓര്‍ഡിനേറ്ററെന്ന നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ജോര്‍ജ്‌ വടകര ചുക്കാന്‍പിടിച്ചത്‌.

30 പാവപ്പെട്ട കുട്ടികളെ സൗജന്യമായി നേഴ്‌സിങ്ങിന്‌ പഠിപ്പിക്കുന്ന സംഘടന നിരവധിപേര്‍ക്കായി ലക്ഷക്കണക്കിന്‌ രൂപ ചികില്‍സാ സഹായവും നല്‍കി.

ഒരിക്കല്‍പോലും ഈ വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെയോ സമൂഹമാധ്യമങ്ങള്‍ വഴിയോ പങ്കുവെക്കാനും സംഘടന തയ്യാറായിരുന്നില്ല.

കേരളാ കോണ്‍ഗ്രസ്‌ എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ തളിപ്പറമ്പിലെ മുഖമായിരുന്ന ജോര്‍ജ്‌ വടകര ആയിരത്തിലേറെ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു.

അനുശോചന യോഗങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തളിപ്പറമ്പ്‌ സര്‍സയ്യിദ്‌ കോളേജില്‍ വിദ്യാര്‍ത്ഥിയായി എത്തിയ 1977 മുതല്‍ തളിപ്പറമ്പ്‌ നഗരത്തിന്റെ ഭാഗമായ ഇദ്ദേഹം മെയിന്‍ റോഡിലെ പാലസ്‌ ഫോട്ടോസ്‌റ്റാറ്റ്‌ എന്ന സ്ഥാപനത്തിലൂടെയാണ്‌ തളിപ്പറമ്പില്‍ സജീവമായത്‌.

പിന്നീട്‌ പടിപടിയായി മരവ്യവസായത്തിലേക്ക്‌ കടന്ന ജോര്‍ജ്‌ സയ്യിദ്‌ നഗറിലെ പാലസ്‌ വുഡ്‌ ഇന്‍ഡസ്‌ട്രീസിന്റെ ഉടമയായി ഉയര്‍ന്നു.

പുളിമ്പറമ്പിലും കരിമ്പത്തും മരവ്യവസായശാലകള്‍ ആരംഭിച്ചു.

സോമില്‍ ഓണേഴ്‌സ്‌ അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

കെ.എം.മാണിയുടെ മാനസപുത്രന്‍മാരില്‍ ഒരാളായിരുന്ന ജോര്‍ജ്‌ പിന്നീട്‌ ജേക്കബ്ബിന്റെ കേരളാ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ പി.ജെ.ജോസഫിന്റെ കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ജന.സെക്രട്ടെറിയായി പ്രവര്‍ത്തിച്ചുവരികയാണ്‌.


1993 ല്‍ മദര്‍തെരേസ കണ്ണൂരിലെത്തിയപ്പോള്‍ കെ.സി.വൈ.എം നേതാവെന്ന നിലയില്‍ സ്വീകരണ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി ഹാര്‍ട്ട്‌ലിങ്ക്‌സിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്ന ജോര്‍ജ്‌ 5000 അംഗങ്ങളുള്ള ഒരു കൂട്ടായ്‌മ ശക്തിപ്പെടുത്തി

ആവശ്യമുള്ളവര്‍ക്കെല്ലാം സഹായമെത്തിക്കണമെന്ന ആഗ്രഹപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ്‌ മരണം അദ്ദേഹത്തെ തട്ടിയെടുത്തത്‌.