പരിയാരം ഗവ ആയൂര്‍വേദ കോളേജ് കണ്ണാശുപത്രി ബ്ലോക്കിന് 2.60 കോടി രൂപയുടെ ഭരണാനുമതി-
പരിയാരം: കണ്ണൂര്‍ ഗവ ആയൂര്‍വേദ കോളേജില്‍ ഐ & ഇ എന്‍ ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിന് 2.60 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.വിജിന്‍ എം എല്‍ എ അറിയിച്ചു.
ശാലാക്യ തന്ത്ര വിഭാഗത്തിനായി പ്രത്യേക ഒ പി കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് തുക അനുവദിച്ചത്.
പ്രസ്തുത വിഭാഗത്തിലെ പഠനവും ഗവേഷണവും ആരംഭിക്കുന്നതിന് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക സൂപ്പര്‍ സ്‌പെഷ്യലാറ്റി ആശുപത്രി ആരംഭിക്കണമെന്ന് എം എല്‍ എ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം പരിഗണിച്ചാണ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 2.60 കോടി അനുവദിച്ചത്.ഡയബറ്റിക്, റെറ്റിനോപതി ഗ്ലൂക്കോമ, കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍
തുടങ്ങിയ സംങ്കീര്‍ണമായ പല നേത്രരോഗങ്ങള്‍ക്കും ഒ പി തലത്തിലും ഐ പി തലത്തിലും മികച്ച ചികിത്സയാണ് ആയൂര്‍വേദ കോളേജില്‍ നല്‍കി വരുന്നത്.
ദിനംപ്രതി നിരവധി രോഗികള്‍ ചികിത്സക്കായി എത്തുന്ന ഒ പിയില്‍ സ്ഥലപരിമിതി ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് എം എല്‍ എ പറഞ്ഞു