17-ാം വര്‍ഷവും പതിവു തെറ്റിക്കാതെ നാരായണന്‍കുട്ടി എത്തി.

 

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: ശാരീരിക അവശതകള്‍ക്കിടയിലും പി.വി.നാരായണന്‍കുട്ടി ഇന്ന് വൈകുന്നേരവും ഗാന്ധിപ്രതിമ ശുചീകരിക്കാനെത്തി.

ഇത് തുടര്‍ച്ചയായി 17-ാമത്തെ വര്‍ഷമാണ് ഇദ്ദേഹം തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധിപ്രതിമ ശുചീകരിക്കുന്നത്.

2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ ഗാന്ധിപ്രതിമ ഉദ്ഘാടനം ചെയ്തത്.

ആ വര്‍ഷം ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം മുതലാണ് നാരായണന്‍കുട്ടി വര്‍ഷത്തിലൊരിക്കല്‍ ഒക്ടോബര്‍ 1 ന് ഗാന്ധിപ്രതിമയുടെ ശുചീകരണം തുടങ്ങിയത്.

ഒരുവര്‍ഷത്തെ പൊടിപടലങ്ങളും മണ്ണും കഴുകി വൃത്തിയാക്കിയ പ്രതിമയില്‍ രാവിലെ പുതിയ മാലയും അണിയിക്കും.

ഗാന്ധിജയന്തി ദിനമായ നാളെ രാവിലെ തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി വിനോദാണ് മുഖ്യാതിഥിയായി ഗാന്ധിപ്രതിമയില്‍ ഹാരമണിയിക്കുക.

ഗാന്ധിയനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നാരായണന്‍കുട്ടി ജവഹര്‍ ബാലവേദിയിലൂടെ കെ.എസ്.യു പ്രവര്‍ത്തകനായും പിന്നീട് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തനുമായി മാറിയ വ്യക്തിയാണ്.

ഏറെ ശാരീരിക അവശതകളുണ്ടെങ്കിലും ഒക്ടോബര്‍ ഒന്നായാല്‍ തനിക്ക് ഇരിപ്പുറക്കില്ലെന്ന് പറയുന്ന നാരായണന്‍കുട്ടി തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയാണ്.

കെ.എസ്.യു നേതാവായിരുന്ന സജിത്ത്‌ലാലിന്റെ സഹോദരി ഭര്‍ത്താവാണ്.

ഗാന്ധിജയന്തി ദിനത്തില്‍ നാളെ താലൂക്ക് ഓഫീസിലും പരിസരങ്ങളും ശുചീകരണ പ്രവൃത്തികളും നടത്താന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.