യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

മലപ്പുറം: എളങ്കൂറില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രബിന്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ മലപ്പുറം എളങ്കൂറിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനമാണ് വിഷ്ണുജയുടെ മരണത്തിന് കാരണമെന്നാണ് വീട്ടുകാരുടെ പരാതി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞ് വിഷ്ണുജയെ പ്രബിന്‍ നിരന്തരം അപമാനിച്ചെന്നാണ് പരാതി. സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. 2023 മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം.

എന്നാല്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നാണ് പ്രബിന്റെ കുടുംബം പറയുന്നത്. വിവാഹം കഴിഞ്ഞ തൊട്ടടുത്തദിവസം തന്നെ ‘എന്റെ ജോലി കണ്ടിട്ട് എന്റെ കൂടെ വരേണ്ട, നീ സ്വന്തമായി ഒരു ജോലി വാങ്ങിക്കോ’ എന്ന് പ്രബിന്‍ പറഞ്ഞിരുന്നതായി വിഷ്ണുജയുടെ അച്ഛന്‍ വാസുദേവന്‍ പ്രതികരിച്ചു.

അതിനുശേഷം ഒരു ജോലിക്കായി വിഷ്ണുജ കഠിനാധ്വാനം ചെയ്യുകയായിരുന്നു. വിഷ്ണുജയ്ക്ക് സൗന്ദര്യമില്ലെന്നായിരുന്നു പ്രബിന്റെ മറ്റൊരു കുറ്റപ്പെടുത്തല്‍. സൗന്ദര്യമില്ലെന്ന് പറഞ്ഞ് ബൈക്കില്‍ ഒപ്പം കയറ്റാറില്ലെന്നും ഏറെ സങ്കടമാണ് മകള്‍ അനുഭവിച്ചിരുന്നതെന്നും അച്ഛന്‍ പറയുന്നു.