ശീതളിന്റെ പ്രയത്‌നത്തില്‍ ശാന്തി ഇനി കുടുംബ ശീതളിമയിലേക്ക്.

പിലാത്തറ: ശീതളിന്റെ പ്രയത്‌നം ഫലിച്ചു, ആറു വര്‍ഷത്തിന് ശേഷം ശാന്തി കുടുംബത്തിലേക്ക് മടങ്ങുന്നു.

മനോനില തെറ്റി അബോധവസ്ഥയില്‍ പയ്യന്നൂര്‍ പോലീസ് കരിവെള്ളൂരില്‍ കണ്ടെത്തിയ ശാന്തിയെ(48) 2018 ജൂണ്‍ 26-നാണ് പിലാത്തറയിലെ ഹോപ്പില്‍ എത്തിക്കുന്നത്.

പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തിലെ തുടര്‍ ചികിത്സയില്‍ രോഗമുക്തി നേടിയെങ്കിലും ഇവരുടെ നാട് എവിടെയാണെന്ന് മനസിലാക്കാന്‍ ഹോപ്പ് അധികൃതര്‍ക്ക് കഴിഞ്ഞില്ല.

2020 ല്‍ ബംഗളൂരുവില്‍ നിന്ന് ഹോപ്പില്‍ നാല് മാസത്തെ ഇന്റേണ്‍ഷിപ്പ് പരിശീലനത്തിനെത്തിയ ബാംഗ്‌ളൂര്‍ സ്വദേശിനിയായ കെ.എസ്.ശീതള്‍ ആണ് ഇവരോട് നിരന്തരം ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്.

ഇവര്‍ മുംബൈ-ഗുജറാത്ത് അതിര്‍ത്തിയില്‍ ക്ഷേത്രത്തിനരികിലുള്ള റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ചേരിയില്‍ നിന്നും വരുന്നു എന്ന് മാത്രമേ ശാന്തിക്ക് പറയാന്‍ കഴിഞ്ഞിരുന്നുള്ളൂ.

ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി തിരികെ പോയെങ്കിലും ശാന്തിയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ശീതള്‍ തുടര്‍ന്നു.

ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ കുടുംബം ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ജാര്‍ഖണ്ഡ് വനിതാ ശിശു ക്ഷേമ വകുപ്പ് വഴി നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.

എട്ടു മക്കളുള്ള ശാന്തിയുടെ ഭര്‍ത്താവ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. എന്നാല്‍ ഇവിടെ വന്ന് ശാന്തിയെ കൂട്ടിപോകാന്‍ കഴിയാത്തത്ര ദരിദ്രരാണെന്നും അതിനാല്‍ റാഞ്ചിയില്‍ എത്തിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഹോപ്പ് അധികൃതര്‍ക്ക് ഇത് സാധിച്ചില്ല. യുവ ഹോപ്പ് കോര്‍ഡിനേറ്റര്‍ കെ.പി.മുഹമ്മദ് റിയാസിന്റെയും ഹോപ്പ് സെക്രട്ടെറി ജാക്വിലിന്‍ ബിന്ന സ്റ്റാന്‍ലിയും ചേര്‍ന്നാണ് ഇന്ന്(ആഗസ്റ്റ്-29) രാവിലെ ശാന്തിയെ ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകുന്നത്.

ജാര്‍ഖണ്ഡ് വനിതാ-ശിശു ക്ഷേമ വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ ശാന്തിയെ കുടുംബാംഗങ്ങള്‍ക്ക് കൈമാറും. ഇത് സംബന്ധിച്ച് പോലീസിന്റെ അനുമതിപത്രം പയ്യന്നൂര്‍ എസ്.ഐ ബി.ശ്രീകുമാര്‍ കൈമാറി.

ചടങ്ങില്‍ കെ.എസ.ജയമോഹന്‍, കെ.എസ്.ശീതള്‍,കെ.പി.മുഹമ്മദ് റിയാസ്, ഇ.കുഞ്ഞിരാമന്‍, കെ.പി.ഷനില്‍ ന്നിവര്‍ പങ്കെടുത്തു.