ഹോപ്പ്-പുതിയ കെട്ടിടം നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും 27 ന് നടക്കും.

പിലാത്തറ:ആലംബഹീനരായ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അത്താണിയായി മാറിയ പിലാത്തറയിലെ ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്ററിന് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം 27 ന് പിലാത്തറ ഹോപ്പ് വില്ലേജില്‍ നടക്കും.

സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന നിലവിലെ കെട്ടിടത്തിന് പുതുതായി ഒരു നിലയും റാമ്പ്, ലിഫ്റ്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം മൂന്നു നിലകളിലുള്ള പുതിയ ബ്ലോക്കും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് പോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പുതുതായി 38000 ചതുരശ്ര അടിയിലുള്ള കെട്ടിട സമുച്ചയം കൂടെ ചേരുമ്പോള്‍ ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുതര വൈകല്യങ്ങള്‍, സ്‌പൈനല്‍ മസ്‌ക്കുലാര്‍ അസ് ട്രോഫി, അല്‍ഷിമേഴ്‌സ്, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെ 350 പേര്‍ക്ക് ഇവിടെ പുതുതായി താമസവും ചികിത്സയും സംരക്ഷണവും ഒരുക്കാനാകും.

ഒപ്പം മികച്ചൊരു ഫിസിയോ തെറാപ്പി യൂണിറ്റും ഒക്കുപ്പേഷണല്‍ / സ്പീച്ച് തെറാപ്പി സംവിധാനങ്ങളും പുനരധിവാസ മേഖലയിലെ മറ്റ് അനുബന്ധ സംവിധാന ങ്ങളും ഏര്‍പ്പെടുത്തുക വഴി സെന്ററിനെ ഈ രംഗത്തെ ഒരു മികവിന്റെ കേന്ദ്രമായി വളര്‍ത്താനും കഴിയും.

കേന്ദ്രത്തിന്റെ ശിലാ സ്ഥാപനം 27 ന് ഉച്ചക്ക് 3 ന് കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല നിര്‍വ്വഹിക്കും.

ഹോപ്പ് പ്രസിഡന്റ് ഫാ. ജോര്‍ജ് പൈനാടത്ത് അദ്ധ്യക്ഷത വഹിക്കും.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ എന്നിവര്‍ മുഖ്യാതിഥികളാവും.

ഡോ. കെ.സുദീപ്, ഡോ. കെ. ദാമോദരന്‍, പ്രൊഫ. മുഹമ്മദ് അഹമ്മദ്, ചിന്നമ്മ ജോര്‍ജ്, രമണി പി. നായര്‍, കെ.എസ്സ്. ജയമോഹന്‍, എം.പി. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിക്കും. ഇ.കുഞ്ഞിരാമന്‍, അഡ്വ. കെ.വി. ശശിധരന്‍ നമ്പ്യാര്‍,വി.മാധവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.