തളിപ്പറമ്പ് നഗരത്തില്‍ കുതിരശല്യം-ആനിമല്‍ വെല്‍ഫേര്‍ ബോര്‍ഡിന് പരാതി.

തളിപ്പറമ്പ്: നഗരത്തില്‍ മേഞ്ഞുനടക്കുന്ന കുതിര നാട്ടുകാര്‍ക്ക് ശല്യമായി മാറി.

ഉണ്ടപ്പറമ്പിലെ ഒരാള്‍ വിലകൊടുത്തു വാങ്ങി നാട്ടിലെത്തിച്ച കുതിരയെയാണ് നടുറോഡില്‍ ഇറക്കിവിട്ടിരിക്കുന്നത്.

കോര്‍ട്ട് റോഡിലെ നടപ്പാത വഴി മെയിന്‍ റോഡിലെത്തുന്ന കുതിര ചെറുകിട കച്ചവടക്കാരെയാണ് കൂടുതല്‍ ദ്രോഹിക്കുന്നത്.

കണ്ണ് തെറ്റിയാല്‍ വില്‍പ്പനക്ക് വെച്ച പച്ചക്കറികള്‍ കടിച്ചെടുത്ത് കൊണ്ടുപോകുന്ന കുതിരയെ കെട്ടിയിടണമെന്ന് നാട്ടുകാരും വ്യാപാരികളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

ടൗണില്‍ അലഞ്ഞുതിരിഞ്ഞ് വയറുനിറച്ച ശേഷം കുതിര കൃത്യമായി ഉണ്ടപ്പറമ്പിലെ വീട്ടിലെത്തുകയും ചെയ്യും.

ഒരു കൗതുകത്തിന് വേണ്ടി വാങ്ങിയ കുതിരയെ തീറ്റനല്‍കി വളര്‍ത്തുന്നത് ഭാരിച്ച ചെലവായതോടെയാണ് റോഡിലേക്ക് ഇറക്കിവിടാന്‍ തുടങ്ങിയത്.

തുടക്കത്തില്‍ പലരും ഭക്ഷണം നല്‍കിയെങ്കിലും എല്ലാദിവസവും ഭക്ഷണത്തിന് എത്തിത്തുടങ്ങിയോതെട ശല്യമായി മാറിയിരിക്കയാണ്.

നടപ്പാതയിലൂടെ വരുന്ന കൊച്ചുകുട്ടികളുടെ നേരെ കുതിച്ചുചാടുന്ന കുതിര കാല്‍നടക്കാര്‍ക്കും ഭീഷണിയാണ്.

കുളിപ്പിക്കുകയോ വേണ്ടത്ര പരിചരണം നല്‍കുകയോ ചെയ്യാതെ കുതിരയെ ജനങ്ങള്‍ക്കിയിലേക്ക് ഇറക്കിവിടുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടുവരികയാണ്.

നേരത്തെ നഗരത്തില്‍ കന്നുകാലിശല്യമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കുതിര ഏറ്റെടുത്തിരിക്കയാണ്.

കുതിരയെ പരിചരണം നല്‍കാതെ അഴിച്ചുവിടുന്നതിനെതിരെ മൃഗക്ഷേമസംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ആനിമല്‍ വെല്‍ഫേര്‍ ബോര്‍ഡ് ഓഫ് ഇന്ത്യക്ക് പരാതി നല്‍കി.