കളി ഞങ്ങള്‍ പഠിപ്പിക്കുമേ മൊതലാളീ—–തുറക്കാന്‍ വന്നപ്പോള്‍ ഷട്ടറിന് ജാക്കി; ഹോട്ടലിന് ‘പണികൊടുത്ത്’ റോഡ് വികസനം
മട്ടന്നൂര്‍: ഹോട്ടല്‍ തുറക്കാന്‍ വന്നപ്പോള്‍ ഷട്ടറിന് ജാക്കി വെച്ചിരിക്കുന്നു! ഹോട്ടലിന് ‘പണികൊടുത്ത്’ തലശ്ശേരി വളവുപാറ റോഡ് വികസനം.
മട്ടന്നൂര്‍ തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിനാണ് റോഡ് വികസനത്തിന്റെ പേരില്‍ പണി കിട്ടിയത്.
റോഡരികിലുള്ള ഓവുചാലിന് റോഡില്‍ നിന്ന് ഉയര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് സ്ലാബ് പാകിയിരുന്നു. സ്ഥാപനങ്ങളോട് ചേര്‍ന്ന് അവശേഷിക്കുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.
ഏതാനും മീറ്ററുകള്‍ ഈ പ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്നലെ രാത്രിയാണ് 50 മീറ്ററോളം മാറി ഒരു ഹോട്ടലിനു മുന്നില്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത് സിങ്ക്ഷീറ്റ് വെച്ച്, സിങ്കിനെ താങ്ങിനിര്‍ത്തുവാന്‍ ഹോട്ടലിന്റെ ഷട്ടറിനോടു ചേര്‍ന്ന് മൂന്ന് ജാക്കി വെച്ചത്.
ജാക്കി നീക്കിയാല്‍ മാത്രമേ ഹോട്ടല്‍ തുറക്കുവാന്‍ കഴിയൂ. ജാക്കി നീക്കിയാല്‍ സിങ്ക് ഷീറ്റ് അടര്‍ന്നുമാറി കോണ്‍ക്രീറ്റ് പൊട്ടുകയും ചെയ്യും.
പൂട്ടിയിട്ട ഒട്ടേറെ സ്ഥാപനങ്ങള്‍ ഒഴിച്ചിട്ടാണ് ഈ ഹോട്ടലിന് മുന്നില്‍ മാത്രം ഇന്നലെ രാത്രി കോണ്‍ക്രീറ്റ് ചെയ്ത് ഷട്ടറിന് ജാക്കിവെച്ചത്.