വാര്‍ഡിന്റെ സ്ഥിതി വാനരവസൂരിയേക്കാള്‍ ഭീകരം-പൊട്ടിത്തെറിച്ച് ഏഴുവയസുകാരിയുടെ പിതാവ്.
പരിയാരം: ഒട്ടും ശുചിത്വമില്ലാത്ത പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പകര്‍ച്ചവ്യാധി വാര്‍ഡില്‍ നാല് ദിവസം കഴിച്ചുകൂട്ടിയത് നരകസമാനമായിട്ടെന്ന് കഴിഞ്ഞ ദിവസം അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ഏഴുവയസുകാരിയുടെ പിതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ഡിസ്ചാര്‍ജ് ചെയ്തു വിടുകയും ചെയ്യുന്ന പിറകുവശത്തെ ട്രേയജ് വഴിയും അസഹനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജൂലായ് 25 ന് യു.കെയില്‍ നിന്നും നാട്ടിലെത്തിയ ഇവര്‍ കുട്ടിക്ക് കൊതുകു കടിച്ച തിണിര്‍പ്പുമായാണ് ചെറുപുഴയിലെ ആശുപത്രിയിലെത്തിയത്.
ചെറുപുഴയിലെ കുട്ടികളുടെ ഡോക്ടര്‍ കാര്യമായ പരിശോധനകള്‍ നടത്താതെ പരിയാരത്തേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഇത് കാരണം തങ്ങളുടെ വിലപ്പെട്ട നാല് ദിവസങ്ങളാണ് ആശുപത്രിയിലെ ദുരിതങ്ങള്‍ പേറി കഴിച്ചുകൂട്ടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ്-20 ന് വാനരവസൂരി രോഗിയെ സന്ദര്‍ശിക്കാനെത്തിയകേന്ദ്രസംഘം ആശുപത്രി അധികൃതരുമായുള്ള ചര്‍ച്ചയില്‍ ഐസോലേഷന്‍ വാര്‍ഡിന്റെ ദയനീയ സ്ഥിതിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഈ വാര്‍ഡ് പ്രധാന ആശുപത്രിയില്‍ നിന്ന് മാറ്റി പ്രത്യേകം ബ്ലോക്കില്‍ പ്രവര്‍ത്തിക്കണമെന്നാണ് സംഘം നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാല്‍ നിലവിലുള്ള ശോചനീയാവസ്ഥയില്‍ തന്നെയാണ് വാര്‍ഡ് എന്നതിന് അടിവരയിടുകയാണ് നാല് ദിവസം ഈ വാര്‍ഡില്‍ കഴിഞ്ഞ രോഗിയുടെ പിതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് അയച്ച കുറിപ്പ്.
ശുചീകരണത്തിനെനെന്ന പേരില്‍ ആശുപത്രി മാനേജിംഗ് കമ്മറ്റിയും അടുത്തകാലത്ത് നിരവധിപേരെ നിയമിച്ചിട്ടുണ്ടെങ്കിലും ശുചിത്വം പേരിന് പോലുമില്ലെന്നത് വ്യക്തമാവുകയാണ് ഈ കുറിപ്പിലൂടെ.