തളിപ്പറമ്പില്‍ ജയില്‍ഭക്ഷണത്തിന് റിക്കാര്‍ഡ് വില്‍പ്പന-

തളിപ്പറമ്പ്: ജയില്‍ ഭക്ഷണ വില്‍പ്പനയില്‍ തളിപ്പറമ്പില്‍ റിക്കാര്‍ഡ് കച്ചവടം. ഹോട്ടല്‍ഭക്ഷണ വിലകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് തളിപ്പറമ്പില്‍ ജയില്‍ ഭക്ഷണത്തിന് വന്‍ ഡിമാന്റായത്.

പ്രതിദിനം ശരാശരി 80,000 മുതല്‍ ഒരുലക്ഷം രൂപയുടെ വരെ വില്‍പ്പനയാണ് നടക്കുന്നത്. രാവിലെ പത്തരയോടെ എത്തുന്ന വില്‍പ്പന വാഹനത്തിലേക്ക് രണ്ടുമണിയോടെ വീണ്ടും ജയിലില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്.

ആളുകള്‍ കാത്തുനിന്നാണ് ഉച്ചസമയത്ത് ഭക്ഷണം വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. ഓഫീസുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ബിരിയാണിയും ചപ്പാത്തിയും കറികളും മൊത്തമായി വാങ്ങിക്കൊണ്ടുപോകുന്നത് വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് വില്‍പ്പനക്കാരായ ജയില്‍ ജീവനക്കാര്‍ പറയുന്നു.

ചിക്കന്‍ബിരിയാണിയുടെ വില പത്തുരൂപ വര്‍ദ്ധിച്ച് 70 രൂപയായിട്ടും വില്‍പ്പന കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതേസമയം ഹോട്ടലുകളില്‍ വില വലിയതോതില്‍ കൂടിയിരിക്കയാണ്.

ഇന്ത്യന്‍ കോഫിഹൗസുകളില്‍ ഊണിന് 5 രൂപ കൂടിയത് ഈ മാസം ആദ്യമാണ്. ഇവിടെ പാര്‍സലിന് 5 രൂപ കൂടുതല്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ജയില്‍ഭക്ഷണത്തിന് ഡിമാന്റ് കൂടിയിരിക്കുന്നത്. നിരവധി സാധാരണക്കാരാണ് ജയില്‍ ഭക്ഷണം സ്ഥിരമായി ഉപയോഗിക്കുന്നത്.

സമീപപ്രദേശങ്ങളില്‍ നിന്ന് ഇരുചക്രവാഹനവുമായെത്തി ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.