ശകുന്തളയുടെ ബന്ധുക്കളെത്തി; പരിയാരം പോലീസിനും മേരിഭവനും ആഹ്‌ളാദദിനം.

പരിയാരം: ശകുന്തള നാഗേഷ് താണ്ഡേല്‍ ഇനി അനാഥയല്ല, നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചപ്പോള്‍ പരിയാരം മേരിഭവനിലെ മദര്‍സുപ്പീരിയര്‍ സിസ്റ്റര്‍ ക്ലെന്റിനും പരിയാരം പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായ പി.വി.രാജേഷിനും അത് മറക്കാനാവാത്ത അനുഭവമായി.

ജനവരി 16 നാണ് ദേശീയപാതയില്‍ ബക്കളത്തുവെച്ച് പിങ്ക്‌പോലീസ് ശകുന്തളയെ അവശനിലയില്‍ കണ്ടെത്തിയത്.

ഒന്നും സംസാരിക്കാത്ത നിലയിലായിരുന്ന ഇവരെ പോലീസ് പരിയാരം മേരിഭവനില്‍ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ആറ് മാസമായി ശകുന്തള മേരിഭവനില്‍ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു.

കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരുടെ ബന്ധുക്കളെ കണ്ടെത്താനായി സിസ്റ്റര്‍ ക്ലെന്റ് പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് പരിയാരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ വി.വി.ബിജു, സ്റ്റേഷന്‍ പി.ആ.ഒ കെ.എ.പി.പ്രകാശന്‍, പരിയാരം ജനമൈത്രി ബീറ്റ് ഓഫീസറായ പി.വി.രാജേഷ്, അസി സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.മധു എന്നിവര്‍ മേരിഭവനിലെത്തി ശകുന്തളയുമായി നിരന്തര ആശയവിനിമയം നടത്തി.

പോലീസിന്റെ ആഴ്ച്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ അംഗോള പോലീസ് പരിധിയിലുള്ള ബെലംബാര്‍ പ്രദേശത്താണ് ശകുന്തളയുടെ വീടെന്ന് മനസിലാക്കുകയും അംഗോള പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയുമായിരുന്നു.

അവിടെ ക്രൈംനമ്പര്‍ 60/23 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും വ്യക്തമായി.

ഇന്നലെ അംഗോള പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ റയീസ് ഭഗവാന്‍, ശകുന്തളയുടെ മകന്‍ ഗൗരീഷ്, സഹോദരി സുമിത്ര എന്നിവര്‍ മേരിഭവനിലെത്തി.

ബന്ധുക്കളെ കണ്ടതോടെ ആഹ്‌ളാദവതിയായ ശകുന്തള വൈകുന്നേരത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബെലംബാര്‍ പഞ്ചായത്തിലെ ജന്‍മഗ്രാമമായ മഞ്ജുഗുണിയിലേക്ക് ബന്ധുക്കളോടൊപ്പം യാത്രയായി.