കണ്‍മണികള്‍ പിറന്നിട്ട് 57 വര്‍ഷം.

 

രംഗനാഥന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ പി.രാമകൃഷ്ണന്‍ നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് കണ്‍മണികള്‍.

തോപ്പില്‍ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച കണ്‍മണികളില്‍ പ്രേംനസീര്‍, അടൂര്‍ഭാസി.ശാരദ, തിക്കുറിശി, കൊട്ടാരക്കര, മാസ്റ്റര്‍ നാരായണന്‍, മീന, കമല, ബേബി അജിത എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.

ക്യാമറ-സുബ്ബറാവും, എഡിറ്റര്‍ വെങ്കിടേഷ്, പരസ്യം എസ്.എ.നായര്‍.

തിരുമേനി പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍.

വയലാറിന്റെ വരികല്‍ക്ക് ഈണം പകര്‍ന്നത് ദേവരാജന്‍.

1966 ഒക്ടോബര്‍-16 നാണ് 57 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്.

ഗാനങ്ങള്‍-

1-ആറ്റിന്‍ മണപ്പുറത്തെ-യേശുദാസ്.

2-അഷ്ടമംഗല്യ തളികയുമായ്-എം.എസ്.പത്മ.

3-അറ്റിന്‍ മണപ്പുറത്തെ-എ.എം.രാജ, എസ്.ജാനകി.

4-ഇളനീരെ-എല്‍.ആര്‍.അഞ്ജലി.

5-കൊഞ്ചും മൊഴികളേ-യേശുദാസ്.

6-പണ്ടൊരുകാലം-രേണുക.

കഥാ സംഗ്രഹം

ഒരേ ഫാക്ടറിയില്‍ ജോലി നോക്കുന്ന ശങ്കറുടേയും ഭാര്യ തങ്കത്തിന്റേയും മക്കളാണ് സുകുവും സുമതിയും. സംതൃപ്തജീവിതം നയിച്ചു വരവേ തങ്കത്തിന് അര്‍ബുദരോഗം പിടിപെടുന്നു. തന്റെ വരുമാനംകൊണ്ടു് മരുന്നും മക്കളുടെ വിദ്യാഭ്യാസച്ചിലവും വഹിക്കുവാന്‍ ആകാതെ വലഞ്ഞ ശങ്കര്‍ കുട്ടികളെ ഒരു അനാഥാലയത്തില്‍ ചേര്‍ക്കുവാന്‍ അനുവാദം വാങ്ങി. വിവരമറിഞ്ഞ തങ്കം കുടുംബത്തിനു് താനൊരു ഭാരമാകേണ്ട എന്ന് കരുതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യുവാന്‍ പുറപ്പെട്ടു. ശങ്കര്‍ പിന്നാലെ പാഞ്ഞുചെന്ന് തടഞ്ഞു. അച്ഛന്‍ അമ്മയെ കൊല്ലുവാന്‍ ശ്രമിക്കയാണെന്നു് തെറ്റിദ്ധരിച്ച കുട്ടികള്‍ വാവിട്ടു നിലവിളിച്ചു. അവരുടെ രോദനം കേട്ട് ശങ്കര്‍ തിരിഞ്ഞു നിന്ന നിമിഷം തങ്കം ജലാശയത്തിലേക്ക് ചാടി. ശങ്കറും പുറകെ ചാടിയെങ്കിലും തങ്കത്തിനെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അച്ഛനെ ഭയപ്പെട്ട കുട്ടികള്‍ ഒരു ട്രെയിനില്‍ കയറി സ്ഥലം വിട്ടു. ശങ്കര്‍ റെയില്‍പ്പാളത്തിലൂടെ ഓടിത്തളര്‍ന്നു വീണു. തന്നെ വിളിച്ചുണര്‍ത്തിയ റെയില്‍വേജോലിക്കാരില്‍ നിന്നും രാത്രി പോയ ട്രെയിന്‍ മറിഞ്ഞതായി അറിഞ്ഞ് ് അവിടേക്കോടി. തിരിച്ചറിയാന്‍ വയ്യാത്തവിധം മുറിവേറ്റ രണ്ട് പിഞ്ചുമൃതദേഹങ്ങള്‍ കണ്ട് ് തന്റെ കണ്മണികള്‍ മരിച്ചുപോയെന്നു ധരിച്ച് വിവശനായ ശങ്കര്‍ ആത്മഹത്യ ചെയ്യാനുറച്ച് റെയില്‍വേ പാലത്തിലേക്ക് കയറി. ആ അവസരത്തില്‍ ആറ്റില്‍ ചാടി മരിക്കുവാന്‍ ശ്മിച്ച മറ്റൊരാളെ കണ്ട് അയാള്‍ അങ്ങോട്ട് കുതിച്ചു. അയാളെ രക്ഷപെടുത്തി.
ശങ്കര്‍ രക്ഷിച്ച ധനികനായ ഗോവിന്ദന്‍ അയാളെ തന്റെ മാനേജറായി നിയമിച്ചു. ഗോവിന്ദന്റെ മകള്‍ വിലാസിനി സുന്ദരിയും സുശീലയുമായിരുന്നെങ്കിലും വേലക്കാരിയുടെ പുത്രി എന്ന കാരണത്താല്‍ മാന്യകുടുംബത്തില്‍ നിന്നാരും അവളെ മാലയിടാന്‍ തയ്യാറായില്ല. ഒടുവില്‍ ഒരുവനെ കിട്ടി. പക്ഷെ വിവാഹദിവസമാണ് അയാള്‍ ഭാര്യയും മക്കളും ഉള്ള ആളാണെന്നറിയുന്നത്. ഹൃദയം നൊന്തുകരഞ്ഞു ഗോവിന്ദന്‍ തന്റെ മകളെ വിവാഹം കഴിക്കുവാന്‍ ശങ്കറിനോടു് അപേക്ഷിക്കുന്നു. ഗത്യന്തരമില്ലാതെ ശങ്കര്‍ സമ്മതം മൂളി.

ട്രെയിന്‍ അപകടം സംഭവിച്ച സ്ഥലത്തിനുമുമ്പുള്ള സ്റ്റേഷനില്‍ ഇറങ്ങി സുകുവും സുമതിയും ഒരു പെട്രോമാക്‌സ് ഷോപ്പുടമസ്ഥന്റെ വീട്ടില്‍ അഭയം തേടി. മദ്യപാനത്തിന് ഗോവിന്ദന്റെ കൂട്ടുകാരനായിരുന്നു തൊമ്മു എന്ന ആ കടക്കാരന്‍. ശങ്കറുടെ വിവാഹദിവസം പെട്രോമാക്‌സ് ചുമന്നു നടന്ന സുകു മറിഞ്ഞുവീണ് ലൈറ്റ് പൊട്ടി. കോപിഷ്ടനായ തൊമ്മു സുകുവിനെ മര്‍ദ്ദിച്ചു. ഈ സംഭവം കണ്ട ശങ്കര്‍ വിവാഹരാത്രിയില്‍ തന്നെ തൊമ്മുവിനെ ചെന്ന് കണ്ട്് വിവരം മനസ്സിലാക്കി. തന്റെ മക്കളെ കണ്ടുപിടിക്കുന്നതിന് തിരച്ചില്‍ ആരംഭിച്ചു.

ഒരു അപകടത്തില്‍ പെട്ട സുകുവും സുമതിയും വിലാസിനിയുടെ സംരക്ഷണയില്‍ വന്നുചേര്‍ന്നു. കുട്ടികളില്‍ നിന്നും ശങ്കര്‍ ഒരു മലയാളിയാണെന്നറിഞ്ഞ വിലാസിനി ഭര്‍ത്താവിനെ തെറ്റിദ്ധരിക്കുന്നു. ഈ വിവരമറിഞ്ഞ് വിലാസിനിയില്‍ നിന്നും അകലുവാന്‍ ശങ്കര്‍ തീരുമാനിക്കുന്നു. എങ്കിലും കുട്ടികള്‍ അവളുടെ സംരക്ഷണയില്‍ കഴിയുന്നു എന്നറിഞ്ഞ് വിവരങ്ങള്‍ മുഴുവന്‍ ധരിപ്പിച്ചു സമാധാനിച്ച ശേഷം കുട്ടികളെ തേടുമ്പോള്‍ അവര്‍ സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. റെയില്‍വേ പാലത്തിലൂടെ ഓടുന്ന കുട്ടികളുടെ പുറകെ അവരും ഓടി. അച്ഛനെ ഭയന്ന കുട്ടികള്‍ അയാള്‍ അടുത്തുവന്നാല്‍ ആറ്റില്‍ ചാടുമെന്നു് വിളിച്ചു പറഞ്ഞു. ശങ്കര്‍ പിന്‍തിരിഞ്ഞു. വിലാസിനിയുടെ നയപരമായ സമീപനത്തില്‍ കുട്ടികളുടെ ഭയന്ന മനസ്സിന് മാറ്റം വന്നു. അങ്ങിനെ ശങ്കറിന് തന്നില്‍ നിന്നകന്ന കണ്മണികളെ തിരിച്ചുകിട്ടുന്നതോടെ കഥ അവസാനിക്കുന്നു.