അര്‍ദ്ധ സെഞ്ച്വറി, ആദ്യജയം, പിന്നാലെ പന്തിന് 12 ലക്ഷം പിഴ.
ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ പോരാട്ടത്തിലെ ജയത്തിലൂടെ വിജയ വഴിയിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഹാപ്പിയായി. എന്നാല്‍ മത്സരത്തിനു പിന്നാലെ ക്യാപ്റ്റന്‍ ഋഷഭ് പന്തിനു പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിനാണ് താരത്തിനു പിഴ ശിക്ഷ ലഭിച്ചത്.
നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു തീര്‍ക്കാന്‍ സാധിച്ചില്ലെന്നു കണ്ടെത്തിയാണ് നടപടി. താരം 12 ലക്ഷം രൂപ പിഴയൊടുക്കണം. ഈ സീസണില്‍ പിഴ ലഭിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് പന്ത്. നേരത്തെ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിനും പിഴ ലഭിച്ചിരുന്നു.
തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ അവസാനമായിരുന്നു ഡല്‍ഹി. ചെന്നൈ തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച ടീമും. മൂന്നാം പോരില്‍ ഡല്‍ഹി ജയം പിടിച്ചു. ഒപ്പം പന്ത് ഫോമിലെത്തിയതും അവര്‍ക്ക് ഇരട്ടി മധുരമായി. പന്ത് 32 പന്തില്‍ 51 റണ്‍സുമായി തിളങ്ങി.