ഞെട്ടിപ്പിച്ച കറുത്തരാത്രികള്‍ക്ക് ഇന്ന് 57 വയസ്.

              മലയാളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് കറുത്ത രാത്രികള്‍. രണ്ട് ഭാവങ്ങളിലൂടെ മധു എന്ന അനശ്വര നടന്‍ പ്രേക്ഷകരെ ഞെട്ടിച്ച സിനിമ. ലോകപ്രശസ്ത സ്‌കോട്ടിഷ് എഴുത്തുകാരനായ റോബര്‍ട്ട് ലൂയി സ്റ്റിവന്‍സന്റെ (1850-1894) ഡോക്ടര്‍ ജെക്കില്‍ ആന്‍ഡ് മിസ്റ്റര്‍ ഹൈഡ് എന്ന പ്രസിദ്ധ നോവലിനെ അധികരിച്ച് വിവിധ ഭാഷകളില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. 1941 ല്‍ സ്‌പെന്‍സര്‍ ട്രേസി, ഇന്‍ഗ്രിഡ് ബര്‍ഗ്മാന്‍, ലാന ടെര്‍ണര്‍, ഡോണള്‍ഡ് ക്രിസ്പ് എന്നിവര്‍ അഭിനയിച്ച ഇതേ പേരിലുള്ള സിനിമ പ്രശസ്തമാണ്. സംവിധാനം വിക്ടര്‍ ഫ്‌ളെമിംഗ്. ഈ സിനിമയുടെ മലയാളം ആവിഷ്‌ക്കാരമാണ് കറുത്ത രാത്രികള്‍. നീലാ പ്രൊഡക്ന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചു. മധു, ടി.കെ.ബാലചന്ദ്രന്‍, കെ.വി.ശാന്തി, മുതുകുളം രാഘവന്‍ പിള്ള, എസ്.പി.പിള്ള, വൈക്കം മണി, എന്‍.ഗോവിന്ദന്‍കുട്ടി, രാജശ്രീ, ശ്യാംകുമാര്‍, മുട്ടത്തുറ സോമന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ഒ.എന്‍.വിയുടെ എട്ടു ഗാനങ്ങള്‍ക്ക് എം.എസ്. ബാബുരാജ് സംഗീതം പകര്‍ന്നു. എല്‍.ആര്‍.ഈശ്വരി, എസ്. ജാനകി, കമല, യേശുദാസ്, കമുകറ പുരുഷോത്തമന്‍, സീറോ ബാബു, ബി.വസന്ത എന്നിവര്‍ പിന്നണിയില്‍ പാടി. ബാബുരാജ് ഈണം പകര്‍ന്ന അതിമനോഹരമായ ഗാനങ്ങളാണ് ഈ സിനിമയെ ജനകീയമാക്കിയത്.

കഥാസംഗ്രഹം.

മനുഷ്യനെ ക്രൂരമൃഗമാക്കുന്ന മരുന്ന് ഒരു ഡോക്ടര്‍ കണ്ടു പിടിക്കുന്നു. ഇതാദ്യം തന്റെ വളര്‍ത്തു നായയില്‍ പരീക്ഷിക്കുന്നു. പിന്നെ അദ്ദേഹം തന്നില്‍ തന്നെ ഇത് പരീക്ഷിക്കുന്നു. മറുമരുന്നു പ്രയോഗിച്ചു അദ്ദേഹം മനുഷ്യനായി വീണ്ടും മാറുന്നു, ഇതാണ് കഥയെന്ന് ചുരുക്കിപ്പറയാം.
 നാഗവള്ളി ആര്‍.എസ.കുറുപ്പ് കഥ മലയാളത്തിലാക്കി എഴുതി.
മലയാളത്തിനു വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി. മധുവാണ് ഈ ചിത്രത്തിലെ നായകന്‍ ഡോ.ശാന്തന്‍.
ഡോ.ശാന്തന്‍ ലോകത്താരും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മരുന്നു കണ്ടുപിടിച്ചു. ആ രഹസ്യം അദ്ദേഹം ഭദ്രമായി സൂക്ഷിച്ചു. വിമല ഡോക്ടര്‍ ശാന്തന്റെ മുറപ്പെണ്ണാണ്. അവള്‍ ശാന്തനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. വിമലയുടെ പിതൃ സഹോദരീപുത്രനാണ് മോഹനന്‍(ടി.കെ.ബാലചന്ദ്രന്‍). അവള്‍ മോഹനന്റെയും മുറപ്പെണ്ണാണ്. പക്ഷെ ശാന്തന്റെ ജീവിത സഖിയാകുവാനാണ് വിമല ആഗ്രഹിച്ചത്.
വിമലയുടെ അച്ഛന്‍ പട്ടണത്തിലെ വലിയ ബാങ്കറായിരുന്നു. ഒരു കറുത്തരാത്രിയില്‍ അദ്ദേഹം സംശയകരമായ വിധത്തില്‍ മരണപ്പെട്ടു. ബാങ്കിന്റെ പങ്കാളികള്‍ ആരെങ്കിലുമായിരിക്കും മരണത്തിനുത്തരവാദി എന്നു ഡോ.ശാന്തന്‍ സംശയിച്ചു. അമ്മാവന്റെ രഹസ്യ ഡയറി ഡോക്ടര്‍ക്ക് ലഭിച്ചു. നല്ലവനായ ഡോക്ടറില്‍ പ്രതികാര മനോഭാവം ഉടലെടുത്തു. താന്‍ കണ്ടുപിടിച്ച മരുന്ന് സ്വയം പരീക്ഷിച്ച ശാന്തന്‍ ഒരു മനുഷ്യമൃഗമായി മാറുന്നു.
പട്ടണത്തിലെ നൈറ്റ് ക്ലബ്ബില്‍ മദ്യത്തിന്റെ മാദക ലഹരിയില്‍ നൃത്തം നടക്കുകയാണ്. പെട്ടെന്ന് ക്ലബ്ബിലെ വിളക്കുകള്‍ എല്ലാം അണഞ്ഞു. ക്ലബ്ബില്‍ ഉണ്ടായിരുന്ന വിമലയുടെ അച്ഛന്റെ പങ്കാളികള്‍ ഒരാള്‍ വധിക്കപ്പെട്ടു. പക്ഷെ കൊലയാളിയെ പിടികിട്ടിയില്ല. മോഹനനെ സ്വാധീനിച്ച് മരിച്ചുപോയ ബാങ്കറുടെ കൈവശമുണ്ടായിരുന്ന രേഖകളും പ്രമാണങ്ങളും തട്ടിയെടുക്കുവാന്‍ ശേഷിച്ച പങ്കാളികള്‍ തീരുമാനിച്ചു. അതിനായി മോഹന്റെ കാമുകി വിലാസിനിയെ അവര്‍ ഒരു കരുവാക്കി. അവളുടെ മാദക സൗന്ദര്യത്തില്‍ മോഹനന്‍ മയങ്ങി.
ഒരു രാത്രിയില്‍ ആ ഭീകരസ്വരൂപം വിലാസിനിയുടെ മുറിയിലെത്തി. ഭയന്ന് വിറങ്ങലിച്ച അവള്‍ ആ വികൃത രൂപത്തിന്റെ ബലിഷ്ഠ കരങ്ങളിലമര്‍ന്നു. മോഹനനുമായി എന്തെങ്കിലും ബന്ധം പുലര്‍ത്തിയാല്‍ അവളെ കൊന്നു കളയുമെന്നു താക്കീതു നല്‍കി. ബാങ്കറുടെ മറ്റൊരു പങ്കാളിയും അന്നുതന്നെ കൊല്ലപ്പെട്ടു. പോലീസ് പലരെയും സംശയിച്ചു. നാട്ടുകാര്‍ ആകെ പരിഭ്രാന്തരായി. വിലാസിനിയുടെ വീട്ടില്‍ മോഹനന്‍ എത്തിയപ്പോള്‍ അവിടെ നിന്നും ഉടന്‍ പോകണമെന്ന് അവള്‍ കേണപേക്ഷിച്ചു. അവിടെനിന്നും പോയ. അയാള്‍ക്ക് വിലാസിനിയെ സംശയമായി. വിവരം മോഹനന്‍ പോലീസിലറിയിച്ചു. ഇന്‍സ്‌പെക്ടര്‍ അവളെ ചോദ്യം ചെയ്തു. അന്ന് രാത്രി വിലാസിനിയും വധിക്കപ്പെട്ടു. ഒരുനാള്‍ മോഹനന്റെ വീട്ടിലും ഭീകരരൂപം പ്രത്യക്ഷപ്പെട്ടു. അയാള്‍ക്ക് ആ രൂപത്തിനെക്കുറിച്ചു ചിലതെല്ലാം മനസ്സിലായി. പക്ഷെ രഹസ്യം പുറത്തു വിട്ടാല്‍ തന്റെ ജീവനും അപകടത്തിലാകുമെന്ന് അയാള്‍ക്കറിയാമായിരുന്നു. വിമല, ശാന്തന്‍, പോലിസ് ഇന്‌സ്‌പെക്ടര്‍ എന്നിവര്‍ സംസാരിച്ചു നില്‍ക്കവെ ഒരു ചിത്തഭ്രമിയെപ്പോലെ മോഹനന്‍ അവിടെയെത്തി. ശാന്തനെ അറസ്റ്റു ചെയ്യൂ എന്നയാള്‍ അലറി. എല്ലാവരും അത്ഭുതപ്പെട്ടു. താന്‍ കണ്ടുപിടിച്ച മരുന്നിന്റെ ശക്തിയാണ് ശന്തനില്‍ രൂപഭാവങ്ങളുടെ മാറ്റമുണ്ടാക്കുവാന്‍ കാരണമായത്. അമ്മാവന്റെ കൊലപാതകികളെ ഉന്മൂലനാശം ചെയ്യുവാന്‍ ശാന്തന്‍ തന്റെ കണ്ടുപിടുത്തത്തിന്റെ സഹായം തേടിയതായിരുന്നു. ജനങ്ങളുടെ പരാതി മാനിച്ച് പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ അദ്ദേഹം ആത്മഹത്യ ചെയ്യുന്നതോടെ ഈ മലയാള സിനിമ തീരുന്നു.
ഇ. എന്‍. സി. നായര്‍ ഛായാഗ്രഹണവും, കൃഷ്ണ ഇളമണ്‍ ശബ്ദലേഖനവും, എം.വി.കൊച്ചാപ്പു കലാസംവിധാനവും, പാര്‍ത്ഥസാരഥി നൃത്ത സംവിധാനവും, എന്‍. ഗോപാലകൃഷ്ണന്‍ ചിത്രസംയോജനവും, ഭാസ്‌കരന്‍ വേഷവിധാനവും, ത്യാഗരാജന്‍ സ്റ്റണ്ട് രംഗങ്ങളുടെ മേല്‍നോട്ടവും, കെ. നാരായണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു.