മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; വകുപ്പുകളില്‍ ചര്‍ച്ച തുടരുന്നു സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്നാണ് സൂചന
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്നാണ് സൂചന.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അര്‍ധസൈനികര്‍, ഡല്‍ഹി പൊലീസിന്റെ പ്രത്യേക സായുധസംഘം, എന്‍എസ്ജി കമാന്‍ഡോകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് വിന്യസിച്ചിട്ടുള്ളത്. രാഷ്ട്രപതിഭവന് ചുറ്റും ഡ്രോണുകളും സ്‌നൈപ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. 2500 ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചത്. രാഷ്ട്രത്തലവന്മാര്‍ താമസിക്കുന്ന സ്ഥലത്തും കനത്ത സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ട്.
ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. സഖ്യകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായാലേ ബിജെപിയില്‍നിന്ന് എത്ര മന്ത്രിമാരെന്ന കാര്യത്തില്‍ അന്തിമ രൂപമാകൂ. ആഭ്യന്തരം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൈമാറി ധനമന്ത്രാലയം അമിത് ഷാ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ സര്‍ക്കാരിലെ പ്രമുഖരായ രാജ്‌നാഥ് സിങ്ങ്, നിതിന്‍ ഗഡ്കരി, പിയൂഷ് ?ഗോയല്‍, അനുരാ?ഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ മന്ത്രിസഭയില്‍ തുടരും. പാര്‍ട്ടി അധ്യക്ഷ പദവിയില്‍ ഈ മാസം കാലാവധി തീരുന്ന ജെ പി നഡ്ഡയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. ടിഡിപിയില്‍നിന്ന് റാം മോഹന്‍ നായിഡു, ഡോ. ചന്ദ്രശേഖര്‍ പെമ്മസനി എന്നിവര്‍ക്കാണ് മുന്‍തൂക്കം. ജെഡിയുവില്‍നിന്ന് ലലന്‍ സിങ്, സഞ്ജയ് കുമാര്‍ ഝാ, രാം നാഥ് ഠാക്കൂര്‍ എന്നിവര്‍ക്കാണ് സാധ്യത. എല്‍ജെപി (റാം വിലാസ്) അധ്യക്ഷന്‍ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.