മാതമംഗലം: മാതമംഗലം പുലിയൂര് കാളി ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
കര്‍ണാടക സ്വദേശികളായ കോലാര്‍ മുല്ഭാഗ് ഭാരതിനഗറിലെ നാരായണയുടെ മകളും നിലവില്‍ വിരാജ്പേട്ട ചാമുണ്ഡേശ്വരി ഇന്ദിരനഗറിലെ താമസക്കാരിയുമായ അനിത(38), വീരാജ്പേട്ട ടവര്‍ഗേറ്റിലെ ഗീത(40)എന്നിവരെയാണ് പെരിങ്ങോം പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
സംഘത്തിലുണ്ടായിരുന്ന രണ്ട് പേര് ഉത്സവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
ഉത്സവ സമാപനമായ ഇന്നലെ ഞായറാഴ്ച ഉച്ചക്ക് 2.45 നാണ് മാതമംഗലം പറവൂര്‍ സ്വദേശി പി.വി.രോഹിണി(76)യുടെ അഞ്ചരപവന്‍ സ്വര്‍ണമാല നാല് പേര് ചേര്‍ന്ന് കഴുത്തില്‍ നിന്ന് പൊട്ടിച്ചത്.
ഇതിനിടെ പിറകിലുള്ള നാല് സ്ത്രീകള്‍ ചേര്‍ന്ന് മാല പൊട്ടിക്കുകയായിരുന്നു.
മാല നഷ്ടപ്പെട്ട രോഹിണി മോഷ്ടാക്കളുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്നതുകണ്ട് നാട്ടുകാര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെപിടികൂടി.
സ്ത്രീയുടെ മാല മോഷ്ടിക്കുന്ന അമ്പലത്തില നിന്നുള്ള സിസി കാമറ ദൃശ്യങ്ങള്‍ സംഭവം കഴിഞ്ഞ ഉടനെ തന്നെ നവ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പിടിച്ച സ്ത്രീകളില്‍ നിന്ന് സ്വര്‍ണ്ണ മാല കണ്ടെത്താനായിട്ടില്ല. ഓടി രക്ഷപ്പെട്ട സ്ത്രീകള്‍ സ്വര്‍ണ്ണമാലയുമായി രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.