രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ പുതിയ തലമുറയില്‍
പ്രതീക്ഷയുണര്‍ത്തിയ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, കനകം മാമിനി കലഹം, എന്നാ താന്‍ കേസ് കൊട് ഈ മൂന്ന് സിനിമകളും കാഴ്ച്ച സുഖം പകര്‍ന്നവയായിരുന്നു. എന്നാല്‍ മദനോല്‍സവം, സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്നീ സിനിമകളിലൂടെ വളര്‍ച്ച താഴോട്ടേക്കായി മാറി. ഇപ്പോള്‍ പുതിയ സിനിമ ഒരു ദുരൂഹസാഹചര്യത്തില്‍ കൂടി ആയതോടെ രതീഷിനോടുള്ള ആഭിമുഖയ്ം കുറഞ്ഞു എന്ന് പറയാതെ വയ്യ. വലിയ പ്രതീക്ഷയോടെയാണ് ഈ സിനിമ കാണാന്‍ പോയതെങ്കിലും തികഞ്ഞ നിരാശയാണ് ഫലം. സജിന്‍ ഗോപു എന്ന മികച്ച നടനെ വെറും അടകോടനാക്കി മാറ്റിയിരിക്കയാണ്. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ചിദംബരം, ശരണ്യ നായര്‍, ജാഫര്‍ ഇടുക്കി എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. മാവോയിസ്റ്റുകളേയും അവരെ പിടിക്കാനെത്തുന്ന പോലീസ് സേനയേയും ഇത്രയും ഗതികെട്ടവരായി അവതരിപ്പിച്ചതിന് പിറകിലെ കാരണം വ്യക്തമാകുന്നില്ല. ഇത് ഏത് ലോകത്തില്‍ എപ്പോള്‍ നടക്കുന്ന കാര്യമാണ് എന്നത് പോലും വ്യക്തമാകുന്നില്ല.
കാടിന്റെ അതിര്‍ത്തിയിലുള്ള ഒരു ഒറ്റപ്പെട്ട വീട്ടിലാണ് പ്രധാനമായും കഥ നടക്കുന്നത്. ദുരന്തപൂര്‍ണമായ ഭൂതകാലമുള്ള രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള ആശയവിനിമയത്തിനിടയിലാണ് കഥ നീങ്ങുന്നത് ആരോഗ്യവകുപ്പ് ജീവനക്കാരനായ സേതു (കുഞ്ചാക്കോ ബോബന്‍), തന്റെ മൂത്ത സഹോദരന്‍ മധുവിനെ (ദിലീഷ് പോത്തന്‍) ചുറ്റിപ്പറ്റിയാണ് ദിവസത്തിന്റെ ഭൂരിഭാഗവും ആസൂത്രണം ചെയ്യുന്നത്. മരിച്ചുപോയ സുഹൃത്തിനെക്കുറിച്ചുള്ള ഭ്രമാത്മക ദര്‍ശനങ്ങള്‍ പലപ്പോഴും കാണുന്ന ഒരു കിടപ്പുരോഗിയാണ് മധു. ദര്‍ശനങ്ങള്‍ തകരുമ്പോള്‍, ഭ്രമാത്മകത നിലനിര്‍ത്താന്‍ സേതു ഇടപെടുന്നു, മാവോയിസ്‌റ്റെന്ന് പോലീസ് മുദ്രകുത്തിയ ഒരു അപരിചിതന്‍ അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറുമ്പോള്‍ വീട്ടിലെ അവസ്ഥ അസ്വസ്ഥമാകുന്നു. റ്റവും മോശമായ അപമാനങ്ങള്‍ക്ക് പോലും പ്രതികരിക്കാന്‍ മടിക്കുന്നു, അതേസമയം കിടക്കയില്‍ നിന്ന് അനങ്ങാന്‍ കഴിയാത്തപ്പോഴും മധു തന്റെ ചെറുപ്പകാലത്തെ ഊര്‍ജ്ജവും ധൈര്യവും പ്രകടിപ്പിക്കുന്നു. സേതുവിന്റെ കാമുകിയായ മിനി (ശരണ്യ നായര്‍)അദ്ദേഹത്തിന് സ്വയം പ്രതിരോധിക്കാന്‍ ധൈര്യം പകരുന്നു. അവരുടെ കഥയ്ക്ക് സമാന്തരമായി, അയല്‍പക്ക വനങ്ങളില്‍ മാവോയിസ്റ്റുകളെ വേട്ടയാടുന്നതിന് അവരുടെ ബന്ധുവായ അര്‍മിയാസ് (ചിദംബരം)നേതൃത്വം നല്‍കുന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചും സര്‍ക്കാരുകള്‍ മാവോവാദികളെ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ചില ബാഹ്യ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ നടത്താനുള്ള ഒരു വേദിയായി സിനിമ മാറുന്നു. ന്യായമായ കോപത്താല്‍ ജ്വലിപ്പിക്കപ്പെടുന്ന ഒരു പ്രവൃത്തിയിലൂടെ ജീവിതം കീഴ്‌മേല്‍ മറിക്കുന്ന രാജേന്ദ്ര പ്രസാദിന്റെ (സജിന്‍ ഗോപു) കഥാതന്തു ആഖ്യാനത്തിന് നിറം നല്‍കുന്നു. 135 മിനിറ്റ് നീളുന്ന സിനിമയില്‍ ഒരിടത്തുപോലും ഊഷ്മളതയും കൗതുകവും ഉണര്‍ത്തുന്ന ഒരു സീന്‍ പോലും കാണാനാവുന്നില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരെ ദുൂഹസാഹചര്യത്തില്‍ എത്തിക്കുകയാണ് അടിമുടി കൃത്രിമത്വം നിറഞ്ഞ ഈ സിനിമ.