.പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 60 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.
ഇന്നലെ ആഗസ്റ്റ്-14 ന് പരിയാരം ടൗണില്‍ നിന്ന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് പ്രധാനകവാടത്തിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞുവെങ്കിലും പോലീസിന്റെ ആജ്ഞ ധിക്കരിച്ച് അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിംഗിന്റെ കവാടത്തിന് മുന്നില്‍ തടസം സൃഷ്ടിച്ചതിനാണ് കേസ്.
തളിപ്പറമ്പ് ഏരിയ സെക്രട്ടെറി കെ.സന്തോഷ്, എം.ശ്രീധരന്, കെ.പത്മനാഭന്, ടി.വി.ചന്ദ്രന്, സുഭാഷ്, പി.രജനി, ആര്.അജിത, കെ.വി.രാജേഷ്, സന്ദീപ് കൊവ്വപ്രവന്‍, ലിബിന് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 50 പേര്‍ക്കെതിരെയുമാണ് കേസ്.
ഒ പി യില്‍ വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച എന്‍ജി ഒ അസോസിയേഷന് നേതാക്കള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുക, ഭരണ വിലാസം സംഘടനകളുടെ അഴിഞ്ഞാട്ടം അവസാനിക്കുക,മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുക,അന്യായ പിരിച്ചു വിട്ടല്‍ നടപടിയില്‍ നിന്ന് അധികൃതര്‍ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.