ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന്റെ വിരോധം വെച്ച് മൊറാഴ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

തളിപ്പറമ്പ്: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന്റെ വിരോധം വെച്ച് മൊറാഴ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു.

12 വിദ്യാര്‍ത്ഥികളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

നസീഫ്, മുനാസല്‍, അബ്ദു, ആരോമല്‍, റാഹിദ്, അര്‍ജുന്‍, മിന്‍ഹാജ്, ഫര്‍സീന്‍, അമീന്‍, യദു, അഷ്ബിന്‍, മുഹമ്മദ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.

ആഗസ്റ്റ്-11 ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

മൊറാഴ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഹ്യൂമാനിറ്റീസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പാപ്പിനിശേരി കീച്ചേരിയിലെ നുസ്‌റത്തുല്‍ ഇസ്ലാം മദ്രസക്ക് സമീപം താമസിക്കുന്ന സമീറിന്റെ മകന്‍ മണ്ടേന്‍മാരകത്ത് വീട്ടില്‍ എം.മുഹമമ്ദ് ഷെസിന്‍(17)നാണ് മര്‍ദ്ദനമേറ്റത്.

സ്‌ക്കൂളിന് പുറത്തുവെച്ച്  പ്രതികള്‍ ഷെസിനെ മര്‍ദ്ദിച്ച് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മര്‍ദ്ദിച്ച ശേഷം വീണ്ടും ഒഴക്രോത്തേക്ക് ബൈക്കില്‍ കൊണ്ടുപോയിഅവിടെ വെച്ചും മര്‍ദ്ദിക്കുകയായിരുന്നു.

ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.