കിളി പറന്നകന്ന വയല്‍ കറുത്തു-ദേശീയപാത പൂര്‍ത്തിയാവുന്നു.

തളിപ്പറമ്പ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കീഴാറ്റൂരില്‍ നടന്ന ഐതിഹാസികമായ സമരങ്ങളും, വയല്‍ക്കിളികള്‍ എന്നറിയപ്പെട്ട സമരക്കാരും സമരങ്ങളില്‍ നിന്നും, പത്രമുഖങ്ങളില്‍ നിന്നും നിശബ്ദമായെങ്കിലും അവര്‍ സംരക്ഷിക്കാന്‍ ശ്രമിച്ച കീഴാറ്റൂരിലെ വയലുകള്‍ ഇന്ന് പുതിയ ദേശീയപാതയായി മാറി.

പൊന്‍കതിര്‍ വിളയുന്ന പാടത്തിന്റെ ഹൃദയം മുറിച്ച് വന്ന ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.

റോഡിന്റെ ഇരുഭാഗങ്ങളിലും ഇപ്പോള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല.

വേനല്‍ക്കാലത്ത് വെള്ളമില്ലാതെയും, മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങിയും, വെള്ളം കുറയുമ്പോള്‍ ചെളി നിറഞ്ഞും കിടക്കുന്ന പാടത്ത് എന്ത് വിളയാന്‍ എന്ന് പറഞ്ഞ് നെടുവീര്‍പ്പിടുകയാണ് ഇവിടുത്തെ കര്‍ഷകര്‍.

വയലിലേക്കുള്ള തുടക്ക ഭാഗത്തും അവസാനഭാഗത്തും പാലങ്ങള്‍ പണിതാണ് റോഡ് വരുന്നത് അതുപോലെ തന്നെ വയലില്‍ പാലം നിര്‍മ്മിച്ച് റോഡ് ഉയര്‍ത്തിയിരുന്നുവെങ്കില്‍ കര്‍ഷകര്‍ക്ക് ഈ ദുരവസ്ഥ ഉണ്ടാകില്ലായിരുന്നു.

എന്നും ഇന്നും കൃഷി ഈ വയലില്‍ സജീവമായി നിലനിന്ന് പോകുമായിരുന്നു. വയല്‍ മാറി ഇവിടം കാടുമൂടിയ പ്രദേശങ്ങളായി മാറാന്‍ തുടങ്ങിയിരിക്കുന്നു.

സ്ഥലമുടമകള്‍ക്കെല്ലാം വലിയ തോതില്‍ പണം ലഭിച്ചതോടെയാണ് സമരം അപ്രസക്തമായി മാറിയതെന്ന് വയല്‍ക്കിളി സമരത്തില്‍ സജീവമായിരുന്ന കീഴാറ്റൂരുകാരനായ ഒരാള്‍ പറഞ്ഞു.

സമരത്തിന്റെ തീജ്വാലകളിലൂടെ പറന്ന വയല്‍കിളികള്‍ പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ ഒരു ചെറുകിളിപോലും പറന്നുയരാത്ത വിധത്തില്‍ വയല്‍ വയലല്ലാതായി മാറുകയും ചെയ്തു.