കൃഷിഭൂമിക്ക് വേണ്ടി അധികാരസ്ഥാനങ്ങളോട് പോരാടിയ സുരേഷ് കീഴാറ്റൂര്‍ ഇപ്പോള്‍ പോരാടുന്നത് ജീവിതത്തോട്.
തളിപ്പറമ്പ്: കൃഷിക്ക് വേണ്ടിയും കൃഷിഭൂമിക്ക് വേണ്ടിയും അധികാരസ്ഥാനങ്ങളോട് പടവെട്ടിയ സുരേഷ് കീഴാറ്റൂര്‍ ഇപ്പോള്‍ പോരാടുന്നത് ജീവിതത്തോട്.
പ്രകൃതി സ്‌നേഹികള്‍ക്ക് ഊര്‍ജം പകര്‍ന്ന വയല്‍ക്കിളി സമരത്തിന്റെ നായകന്‍ ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. വീറുറ്റ പോരാട്ടത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച് കീഴാറ്റൂര്‍ വയല്‍ സംരക്ഷണത്തിനായി ജനങ്ങളെ സംഘടിപ്പിച്ച് പോരാടി സമരനായകനായി മാറിയ സുരേഷ് കീഴാറ്റൂര്‍ എന്ന പോരാളി അവിചാരിതമായി കടന്നു വന്ന മസ്തിഷ്‌ക്കാഘാതത്തേയും കീഴ്‌പ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള കഠിന ശ്രമത്തിലാണ്.
തളരാത്ത മനസ് അത് തന്നെയാണ് സുരേഷിന്റെ കൈമുതല്‍, അതു കൊണ്ട് തന്നെ വളരെ വേഗത്തില്‍ സുരേഷ് തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് സാധാരണ നിലയിലേക്ക് എത്തുമെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ നിഗമനം.
നവംബര്‍ 22 നാണ് മസ്തിഷ്‌ക്കാഘാതം ബാധിച്ച് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലും തളിപ്പറമ്പിലുമുള്ള വിവിധ ആശുപത്രികളിലും ചികിത്സ തേടിയ സുരേഷിന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ശസ്ത്രക്രിയയും നടത്തി. മൂന്ന് ദിവസം മുമ്പാണ് ചികിത്സ കഴിഞ്ഞ് കീഴാറ്റൂരിലെ വീട്ടില്‍ തിരിച്ചെത്തിയത്.
സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട സുരേഷ് പതുക്കെ അതെല്ലാം വീണ്ടെടുത്തു കൊണ്ടിരിക്കയാണ്.
ഇടത് കൈകള്‍ ചലിപ്പിക്കാനും ചുരുക്കം ചില വാക്കുകള്‍ സംസാരിക്കുവാനും ഇപ്പോള്‍ സാധിക്കുന്നുണ്ട്.
സമരകാലത്തെ കുറിച്ചും, ഇന്നത്തെ കീഴാറ്റൂര്‍ വയലിന്റെ അവസ്ഥയെ കുറിച്ചും പറഞ്ഞപ്പോള്‍ സമരക്കാലത്തെ ഓര്‍മ്മളിലാവാം മുഖം തീഷ്ണതയോടെ തിളങ്ങി.
ഒരു മെയ്യായി കൂടെയുള്ള ഭാര്യ ലതയാണ് ഇപ്പോള്‍ വീല്‍ചെയറിലുള്ള സുരേഷിന്റെ കാര്യങ്ങള്‍ നോക്കുന്നത്. 2 വര്‍ഷക്കാലം സംസ്ഥാന-കേന്ദ്ര ഭരണ നേതൃത്വങ്ങളെ വാക്കുകള്‍ കൊണ്ടും കേരളം അതുവരെ കണ്ടിട്ടില്ലാത്ത സമരമുറകള്‍ കൊണ്ടും തങ്ങളുടെ വയലിന് വേണ്ടിയും,
കൃഷിക്ക് വേണ്ടിയും അസാധാരണമ കരുത്തോടെ നേരിട്ട സാധാരണക്കാരനായ സുരേഷിന്റെ മനോധൈര്യം തന്നെയാണ് ജീവിതത്തിലുണ്ടായ ശാരീരിക പ്രതിസന്ധികളേയും അതിജീവിക്കാന്‍ പ്രാപ്തനാക്കിയതെന്ന് ഭാര്യ ലത പറയുന്നു.
തുടര്‍ ചികിത്സയിലൂടെയും, ഫിസിയോ തെറാപ്പിയിലുടെ അസുഖങ്ങളെല്ലാം ഭേദമായി വരുന്ന തങ്ങളുടെ സമരനായകന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ വരുന്നതും കാത്തിരിക്കുകയാണ് വയല്‍ക്കിളികളും, നാട്ടുകാരും.