അടൂരിന്റെ കൊടിയേറ്റം @ 46-
അടൂരിന്റെ ചലച്ചിത്ര ലോകത്ത് വേറിട്ട ഒരു അസ്തിത്വം പുലര്‍ത്തുന്ന ഒരു ചിത്രമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കൊടിയേറ്റം.
അടൂര്‍ ചിത്രങ്ങളില്‍ വച്ച് ഏറ്റവും ലാളിത്യം പുലര്‍ത്തുന്ന ചിത്രമാണ് ഇത്. സ്വയംവരം അടക്കമുള്ള എല്ലാ അടൂര്‍ ചിത്രങ്ങളിലും മറച്ചു പിടിച്ച ഹാസ്യത്തിന്റെ സാന്നിധ്യമുണ്ട്.
അതേ ഹാസ്യം പ്രകടരൂപം കൈക്കൊള്ളുകയാണ് കൊടിയേറ്റത്തില്‍. അടൂരിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഒരു ദ്രുതമായ താളക്രമമാണ് ഈ ചിത്രത്തിനുള്ളത്.
ഹാസ്യം, ദ്രുതതാളം, ലാളിത്യം എന്നീ ഘടകങ്ങള്‍ ഈ ചിത്രത്തെ ജനപ്രിയമാക്കി. കൊടിയേറ്റത്തിന്റെ ഒരു പ്രത്യേകത ഇതില്‍ പശ്ചാത്തല സംഗീതം ഇല്ല എന്നുള്ളതാണ്.
സ്വാഭാവിക ശബ്ദങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഉചിതവും ഭാവനാപൂര്‍ണവുമായ ഉപയോഗക്രമം കൊണ്ട് സ്വാഭാവിക ശബ്ദങ്ങള്‍ പശ്ചാത്തല സംഗീതത്തിന്റെ സ്ഥാനം ആര്‍ജിക്കുകയാണ് ചിത്രത്തില്‍.
കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി മണ്ടത്തരത്തിന്റെ ഉത്തരവാദിത്വഹീനതയില്‍ നിന്ന് ചുമതലാബോധതിലേക്ക് ഉണരുകയാണ്. ഉത്സവപറമ്പുകള്‍ നിരങ്ങിയും കുട്ടിക്കളികളില്‍ പങ്കുകൊണ്ടും ബുദ്ധിമാന്മാരുടെ കൈയില്‍ ഉപകരണമായും ദിശാബോധമില്ലാതെ ഒഴുകുകയാണ് അയാള്‍.
ശങ്കരന്‍കുട്ടിയുടെ കാഴ്ചപ്പാടിലെ ലോകത്തെയും ലോകത്തിന്റെ കാഴ്ചപ്പാടിലെ ശങ്കരന്‍കുട്ടിയെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നു.
ചൂഷണവും അവഹേളനവും പരിഹാസവുമെന്നപോലെ നൊമ്പരവും ഈ ലോകത്തിന്റെ ഭാഗമായി ഉണ്ട്.
കമലമ്മയുടെ മരണമാണ് അവനില്‍ വിഷാദത്തിന്റെ അലകള്‍ ഉയര്‍ത്തുന്നത്. അവന്‍ ഒരു സാമാന്യ മനുഷ്യനായിതീരുന്ന അപൂര്‍വ നിമിഷങ്ങളില്‍ ഒന്നാണത്.
കേരളീയ ജീവിതത്തിന്റെ സത്യസന്ധമായ പുനരാവിഷ്‌കരണം കൊടിയേറ്റത്തില്‍ നാം കാണുന്നു. ഇവിടം മുതല്‍ അടൂരിന്റെ ചിത്രങ്ങളില്‍ കേരളീയത ഒരു അവിഭാജ്യഘടകം ആയി മാറുന്നു.
അഭിനയത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കത്തെയാണ് കൊടിയേറ്റം വഴി ഗോപി പ്രഖ്യാപിച്ചത്.
നിയന്ത്രിതവും സുശിക്ഷിതവുമായ ഭാവപ്രകടനത്തിലൂടെ ഗോപി വേരുറച്ച പല അഭിനയ സങ്കല്‍പ്പങ്ങളെയും തകര്‍ക്കുകയായിരുന്നു. ചിത്രലേഖാ ഫിലിം സൊസൈറ്റിയാണ് നിര്‍മ്മാതാക്കളും വിതരണക്കാരും.
1978 മെയ്-12 നാണ് 46 വര്‍ഷം മുമ്പ് കൊടിയേറ്റം റിലീസായത്. ഗാനങ്ങളില്ലാത്ത ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും അടൂരിന്റെത് തന്നെയാണ്. മങ്കട രവിവര്‍മ്മയാണ് ക്യാമറ. ചിത്രസംയോജനം എം.മണി.
കലാസംവിധാനം-ശിവന്‍.
ഗോപിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത സിനിമയാണ് കൊടിയേറ്റം.
തിക്കുറിശി, കവിയൂര്‍ പൊന്നമ്മ, കെയപി.എ.സി ലളിത, കെ.പി.എ.സി അസീസ്, ബി.കെ.നായര്‍, അടൂര്‍ ഭവാനി, വിലാസിനി, ടി.പി.രാധാമണി, ആറന്‍മുള പൊന്നമ്മ എന്നിവരാണ് അഭിനേതാക്കള്‍.