റഷീദ് ആന്റ് സണ്‍സ് ഷോ ഇന്ന് –നാല്‍പ്പതിന്റെ നിറവില്‍ തളിപ്പറമ്പിന്റെ മാജിക്ക്മാന്‍ അബ്ദുള്‍റഷീദ്-

ഇന്ന് വൈകുന്നേരം 6.30 ന് സര്‍സയ്യിദ് ഹൈസ്‌കൂള്‍ ഹാളില്‍

 

തളിപ്പറമ്പ് മാജിക്ക് വേദിയില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന കെ.അബ്ദുള്‍റഷീദ് ഇന്ന് മജീഷ്യന്‍മാരായ നാല് മക്കളോടൊപ്പം റഷീദ് ആന്റ് സണ്‍സ് ഷോ എന്ന പേരില്‍ മാജിക്ക് അവതരിപ്പിക്കും.

തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പ് വേദിയിലാണ് ഒന്നര വര്‍ഷത്തെ കോവിഡ് ഇടവേളക്ക് ശേഷം അരങ്ങേറ്റം പുനരാരംഭിക്കുന്നത്.

മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ മാജിക് വേദിയിലെത്തി, ഇപ്പോള്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ റയീസ് റഷീദ്, ബി.ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ റിസ്വാന്‍ റഷീദ്, ഒന്‍പതാംക്ലാസുകാരന്‍ റാമിസ് റഷീദ്, രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി റാദി റഷീദ് എന്നിവരോടൊപ്പം ഇവരുടെ ഗുരുനാഥന്‍ കൂടിയായ പിതാവ് അബ്ദുള്‍റഷീദും അരങ്ങിലെത്തും.

കണ്ണൂര്‍ ജില്ലയില്‍ മാജിക്ക് എന്ന കലയെ ജനകീയമാക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച അബ്ദുള്‍റഷീദിന്റെയും മക്കളുടെയും കോവിഡിന് ശേഷമുള്ള അരങ്ങേറ്റം ആസ്വദിക്കാനുള്ള അപൂര്‍വ്വ അവസരമാണ് ഇന്ന് വൈകുന്നേരം 6.30 ന് ഒരുങ്ങുന്നത്.

ഇല്യൂഷന്‍ ഉള്‍പ്പെടെ നിരവധി മാജിക്കുകളാണ് റഷീദ് ആന്റ് സണ്‍സ് ഷോയില്‍ അവതരിപ്പിക്കുന്നത്.