ഒരു അപൂര്‍വ്വ അവസരം പരിയാരം അമ്മാനപ്പാറയില്‍-ഡിസംബര്‍ 6 ന് തുടങ്ങും.
കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ തൊഴില്‍ പരിശീലനം 6 ന് ഉദ്ഘാടനം ചെയ്യും-8-ാം ക്ലാസ് വരെ പഠിച്ച 14 വയസിന് മുകളിലുള്ളവര്‍ക്ക് ചേരാം.
പരിയാരം: കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം 6 ന് നടക്കുമെന്ന് മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി.അബ്ദുള്‍കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റിന്റെ സ്‌ട്രൈവ് പദ്ധതി പ്രകാരമാണ് കാര്‍പെന്റര്‍, ഫര്‍ണിച്ചര്‍ ആന്റ് ക്യാബിനറ്റ് മേക്കര്‍ എന്നീ രണ്ടു പരിശീലനപരിപാടികള്‍ നടത്തുന്നത്.
എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള 14 വയസിന് മുകളിലേക്കുള്ള എല്ലാവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.
പരിയാരം അമ്മാനപ്പാറയിലെ കോമണ്‍ ഫെസിലിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണ്ണിച്ചര്‍ കണ്‍സോര്‍ഷ്യത്തിലാണ് കോഴ്‌സ് ആരംഭിക്കുന്നത്.
വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗത്തിനുമായി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് പരിശീലന വിഭാഗത്തിലുമായി 40, 24 സീറ്റുകളാണുള്ളത്. സിലബസിനു പുറമെ സി.എന്‍.സി, ഇന്റീരിയര്‍ ഡിസൈനിങ്, എസ്റ്റിമേഷന്‍ ആന്റ് കോസ്റ്റിങ് തുടങ്ങിയ മേഖലകളിലും വിദഗ്ദ്ധ പരിശീലനം നല്‍കുന്നതാണ്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവണ്മെന്റ്‌റിന്റെ നാഷണല്‍ അപ്പെന്റിസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
സൗജന്യ പരിശീലനം കൂടാതെ അപ്പെന്റിസ്ഷിപ്പ് ആക്ട് പ്രകാരമുള്ള സ്‌റ്റൈപെന്‍ഡും ലഭിക്കുന്നതാണ്.
പരിശീലനപരിപാടിയുടെ ഉദ്ഘാടനം 6 ന് രാവിലെ 9.30 ന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, മിനിമാത്യു, ടോണ വിന്‍സെന്റ്, സുധ ശങ്കര്‍, എ.എസ്.ഷിറാസ്, എം.സി.പ്രകാശന്‍, പി.മനോജ്കുമാര്‍, എ.പി.നൗഷാദ് എന്നിവര്‍ പ്രസംഗിക്കും.
പരിശീലന പരിപാടിയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ തുടരുന്നുണ്ട്. താല്‍പര്യപ്പെടുന്നവര്‍ 06 ന് മുമ്പ് അമ്മാനപ്പാറയിലുള്ള അപ്പെന്റിസ്ഷിപ് ഇപ്ലിമെന്റേഷന്‍ ഓഫീസില്‍ നിന്ന് അഡ്മിഷന്‍ നേടാവുന്നതാണ്. ഫോണ്‍-9446021534, 9895107341, 9961270895.
പ്രിന്‍സിപ്പാള്‍ കെ.പ്രഭാകരന്‍, ഇ.ഗോപിനാഥന്‍, പോള്‍ വര്‍ക്കി, പി.പ്രദീപന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.