കാക്കിയുടെ കരിങ്കണ്ണുകളല്ല, മനസ് കുളിര്‍പ്പിക്കുന്ന ചുമര്‍ച്ചിത്ര നിറഭേദങ്ങള്‍

കാക്കിയുടെ കരിങ്കണ്ണുകളല്ല, മനസ് കുളിര്‍പ്പിക്കുന്ന ചുമര്‍ച്ചിത്ര നിറഭേദങ്ങള്‍

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: കാക്കിയുടെ കാലുഷ്യം നിറഞ്ഞ കരിങ്കണ്ണുകളല്ല, മനസ് കുളിര്‍പ്പിക്കുന്ന ചുമര്‍ച്ചിത്രങ്ങളുടെ നിറഭേദങ്ങളായിരിക്കും ഈ പോലീസ് സ്‌റ്റേഷനില്‍ നിങ്ങളെ സ്വാഗതം ചെയ്യുക.

രാജഭരണകാലത്തെ പോലീസിനേയും ആധുനിക പോലീസിനേയും കേരളീയ കലകളുടെ സാന്നിധ്യത്തില്‍ സമന്വയിപ്പിച്ച കേരളത്തിലെ ആദ്യ ചുമര്‍ചിത്രവുമായി പരിയാരം പോലീസ് സ്‌റ്റേഷന്‍ 2022 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്നു.

പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത് അതീവ ചേതോഹരമായ ഈ ചുമര്‍ചിത്രങ്ങളായിരിക്കും.

പോലീസ് സ്‌റ്റേഷനാണോ ആര്‍ട്ട്ഗ്യാലറിയാണോ എന്ന് സംശയിക്കത്തക്കവിധത്തില്‍ ചിത്രങ്ങള്‍ ഒരുക്കിയത് ഒരല്‍ഭുത കാഴ്ച്ച തന്നെയാണ്.

പോലീസ് സ്‌റ്റേഷനില്‍ എത്തുന്നവരുടെ ഭയം ഒഴിവാക്കുകയും അവരെ മാനസികമായി ഉത്തേജിപ്പിക്കുകയുമാണ് ചുമര്‍ച്ചിത്രത്തിന്റെ ഉദ്ദേശമെന്ന് പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു പറഞ്ഞു.

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു പോലീസ് സ്‌റ്റേഷനില്‍ ചുമര്‍ചിത്രങ്ങള്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ മ്യൂറല്‍ പെയിന്റിംഗ് വിദഗ്ദ്ധരും ദമ്പതികളുമായ രഞ്ജിത്ത് അരിയിലും സ്‌നേഹ രഞ്ജിത്തും വിജിലുമാണ്
ചിത്രങ്ങള്‍ ഒരുക്കുന്നത്.

സാധാരണ ഗതിയില്‍ ഒരു മാസമെടുത്ത് ചെയ്തു തീര്‍ക്കേണ്ട ചിത്രമാണ് വെറും അഞ്ച് ദിവസം മാത്രമെടുത്ത് ഇരുവരും പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ചിത്രത്തിന് ബോര്‍ഡര്‍ വരക്കുന്ന ജോലി മാത്രമേ ഇനി ബാക്കിയുള്ളൂ.

ഇത് കൂടാതെ കുട്ടികള്‍ക്ക് വേണ്ടി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള പെയിന്റിംഗുകളും പോലീസ് സ്‌റ്റേഷന്‍ ചുമരിലുള്‍പ്പെടുത്തിയിട്ടുണ്ട്.

സിനു ബാബു, രവീന്ദ്രന്‍ പയ്യന്നൂര്‍ എന്നിവരാണ് കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വരച്ചത്.

മാഹി കലാഗ്രാമത്തില്‍ നിന്നും ചുമര്‍ച്ചിത്ര രചനയില്‍ പരിശീലനം നേടിയ രഞ്ജിജിത്തും സ്‌നേഹയും നിരവധി ചുമര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലുപ്പമേറിയതും അത്യാധുനിക സൗകര്യങ്ങള്‍ നിറഞ്ഞതുമായ പരിയാരം പോലീസ് സ്‌റ്റേഷനില്‍ വ്യത്യസ്തമായ എന്തെങ്കിലുമൊന്ന് വേണമെന്ന ആശയമാണ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിനെ ചുമര്‍ചിത്രമെന്ന ആശയത്തിലേക്ക് നയിച്ചത്.

പുരാതന രാജഭരണകാലത്തെ പോലീസില്‍ നിന്ന് ആരംഭിച്ച് കേരളീയ കലകളുടെ സമ്മേളനത്തിലൂടെ നീങ്ങി ആധുനിക പോലീസിങ്ങും ജനമൈത്രി പോലീസും പ്രളയ ദുരിതങ്ങളില്‍ പോലീസിന്റെ ഇടപെടലുമൊക്കെ ചുമര്‍ച്ചിത്ര ങ്ങളില്‍ കാണാം.

ഒപ്പം ബ്രിട്ടീഷ് നിര്‍മ്മിതിയായ ഇപ്പോഴത്തെ പഴയ പോലീസ് സ്‌റ്റേഷനും ചുമര്‍ച്ചിത്രത്തിലുണ്ട്.