കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ രാപ്പകല്‍ സമരം സമാപിച്ചു.

പരിയാരം: ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതുവരെ കേരള എന്‍ ജി ഒ യൂണിയന്‍ സമരം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരന്‍.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

2019 മാര്‍ച്ചില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരള എന്‍ ജി ഒ യൂണിയന്‍ രാപ്പകല്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നിലും സെക്രട്ടറിയേറ്റിന് മുന്‍പിലടക്കം നിരവധി പ്രക്ഷോഭങ്ങള്‍ നിരന്തരം സംഘടിപ്പിച്ചിരുന്നു.

അതിന്റെ തുടര്‍ച്ചയായാണ് സമരം.
യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.സുനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി.സജീവ്കുമാര്‍, കെ.വിജയകുമാര്‍ സംസ്ഥാന കമ്മിറ്റിയംഗം ഭാനുപ്രകാശ്, കെ.ദാമോദരന്‍ എന്നിവരും കര്‍ഷക തൊഴിലാളി നേതാവ് എ.വി.രവീന്ദ്രന്‍, കര്‍ഷക സംഘം നേതാക്കളായ പി.പി.ദാമോദരന്‍, എം.വി.രാജീവന്‍,

സി ഐ ടി യു നേതാക്കളായ ഇ.പി.ബാലന്‍, ഐ.വി.ശിവരാമന്‍, ടി.വി.പ്രഭാകരന്‍ ഡി വൈ എഫ് ഐ നേതാവ് സി.പി.ഷിജു, കെ എസ് ടി എ നേതാവ് കെ.സി.സുനില്‍, എ കെ പി സി ടി എയുടെ എ.നിശാന്ത്, കെ ജി എന്‍ എയുടെ ടി.വി.ദീപ എന്നിവര്‍ പ്രസംഗിച്ചു.

യൂണിയന്റെ ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളുടെയും വിവിധ വര്‍ഗ-ബഹുജന സംഘടനകളും സമരകേന്ദ്രത്തിലേക്ക് അഭിവാദ്യ പ്രകടനം നടത്തി.

യൂണിയന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഏരിയ സെക്രട്ടറി പി.ആര്‍.ജിജേഷ് നന്ദി പറഞ്ഞു.