നിര്‍മ്മാല്യത്തിന് സുവര്‍ണ്ണ ജൂബിലി ദിനം-എം.ടി സംവിധാനം ചെയ്ത ആദ്യസിനിമ നിര്‍മ്മാല്യം-@50.

 

എം.ടിയുടെ എക്കാലത്തെയും മികച്ച രചനകളിലൊന്നായി വിലയിരുത്തുന്ന കഥയാണ് പള്ളിവാളും കാല്‍ചിലമ്പും. ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും, അവിടുത്തെ ശാന്തിക്കാരനും, വെളിച്ചപ്പാടും അവിടുത്തെ കഴകക്കാരനും അവരുടെ ജീവിതവുമാണ് കഥയുടെ ഇതിവൃത്തം. 1956-ലാണ് ഈ കഥ രചിച്ചത്. പാരമ്പര്യമായി കിട്ടിയ വെളിച്ചപ്പാടിന്റെ സ്ഥാനം 20 വര്‍ഷത്തോളം മുറതെറ്റാതെ കൊണ്ടുനടക്കുന്ന വെളിച്ചപ്പാടിന്റെ കഥയാണ് ഇത്. വിശ്വാസത്തിനും ആചാരത്തിനും സമൂഹത്തിലുള്ള സ്വാധീനത്തെ ഈ കഥ പ്രതിപാദിക്കുന്നു. ആധുനികതയിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു സമൂഹം നേരിടുന്ന ആന്തരികസംഘര്‍ഷങ്ങള്‍ ഈ കഥയിലുടനീളം കാണാം. താനുള്‍പ്പെടുന്ന സമൂഹത്തിന്റെ നേര്‍കാഴ്ച്ചകളാണ് പലപ്പോഴും എം.ടിയുടെ കഥകളിലെ പ്രമേയം. അത്തരത്തില്‍ എം.ടിയുടെ ഭാവനാലോകത്തിന് പുറത്തുനിന്നും സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന പൈതൃകരീതിയെ ആധുനികതയുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്യാനാണ്് എം.ടി ഈ കഥയിലൂടെ ശ്രമിച്ചിരിക്കുന്നത്.

നിര്‍മ്മാല്യം-

എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ആദ്യ സിനിമ. 1973 ല്‍ നവംബര്‍ 23 നാണ് സിനിമ 50 വര്‍ഷം മുമ്പ് റിലീസ് ചെയതത്. 1978 ല്‍ മറുനാടന്‍ മൂവീസിന് വേണ്ടി ബന്ധനം, 82 ല്‍ പ്രശസ്തമായ കഥ വാരിക്കുഴി ഏതേ പേരില്‍ സിനിമയാക്കി. സിനിമാസ്‌കോപ്പില്‍ വലിയ ബജറ്റില്‍ പ്രിയദര്‍ശിനി ഫിലിംസിന് വേണ്ടി ജോയി നിര്‍മ്മിച്ച വാരിക്കുഴി പക്ഷെ, ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും എം.ടി.സംവിധാനം ചെയ്ത ഏറ്റവും മികച്ച സിനിമയാണ് വാരിക്കുഴി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 1983 ല്‍ മഞ്ഞ് എന്ന നോവല്‍ ജനറല്‍ പിക്‌ച്ചേഴ്‌സിന് വേണ്ടി എം.ടി.തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്തു. 1991 ല്‍ കടവ്, 2000 ല്‍ ഒരു ചെറുപുഞ്ചിരി എന്നിവയും എം.ടിയുടെ സിനിമകളാണ്.

മലയാളത്തിലെ ക്ലാസിക് സിനിമാഗണത്തില്‍ പെടുന്ന ചിത്രം. എം.ടി വാസുദേവന്‍നായരുടെ പള്ളിവാളും കാല്‍ചിലമ്പും എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരമാണ് 1973-ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം എന്ന ചലച്ചിത്രം. എം.ടി തന്നെ തിരക്കഥയും സംഭാണവും എഴുതി എസ്.പാവമണിയോടൊപ്പം ചേര്‍ന്ന് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണ് നിര്‍മ്മാല്യം. നായക കഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിച്ചത് പി.ജെ ആന്റണിയായിരുന്നു. ഈ അഭിനയത്തിന് അക്കൊല്ലത്തെ ഏറ്റവും മികച്ചനടനുള്ള ദേശീയപുരസ്‌കാരമായ ഭരത് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. വിശ്രുത നടന്‍ സുകുമാരന്‍ ആദ്യമായി അഭിനയിച്ച ചലച്ചിത്രം കൂടിയാണ് നിര്‍മ്മാല്യം. കൊട്ടാരക്കര ശ്രീധരന്‍നായര്‍, കവിയൂര്‍ പൊന്നമ്മ, ശങ്കരാടി, കുതിരവട്ടം പപ്പു, എസ്.പി.പിള്ള, രവിമേനോന്‍, എം.എസ്.നമ്പൂതിരി, സുമിത്ര, വിജയലക്ഷ്മി, നിലമ്പൂര്‍ ബാലന്‍ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. 1973-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ ഈ ചലച്ചിത്രം നേടി. മികച്ച ചിത്രം, മികച്ച അഭിനേതാവ് എന്നിവ കൂടാതെ മികച്ച തിരക്കഥ, എഡിറ്റിഗ്, പശ്ചാത്തല സംഗീതം, മികച്ച രണ്ടാമത്തെ നടി എന്നിവയ്ക്കുള്ള കേരളസര്‍ക്കാരിന്റെ പുരസ്‌കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥമാക്കി. അടിസ്ഥാനകഥയില്‍ നിന്നും വിഭിന്നമായി യാഥാസ്ഥിതികതക്കെതിരെയുള്ള പ്രതിഷേധം ചലച്ചിത്രത്തിലുടനീളം കാണാന്‍ സാധിക്കും. പ്രശസ്ത കവിയായ ഇടശ്ശേരിയായിരുന്നു ഈ ചിത്രത്തിലെ മിക്ക ഗാനങ്ങളും രചിച്ചത്. സ്വാതി തിരുനാളിന്റെ പനിമതിമുഖി ബാലേ എന്ന കൃതിയും ഈ സിനിമയിലുണ്ട്. കെ.രാഘവനാണ് സംഗീതം. എം.ബി.ശ്രീനിവാസന്‍ പശ്ചാത്തലസംഗീതം.

നോവല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് എസ്.പാവമണിയുടെ ഷീബ ഫിലിംസാണ്.രാമചന്ദ്രബാബു ക്യാമറയും രവികിരണ്‍ എഡിറ്റിഗും നിര്‍വ്വഹിച്ചു. എസ്.കൊന്നനാട്ടാണ് കലാസംവിധായകന്‍.

ഗാനങ്ങള്‍-

1-പനിമതി മുഖിബാലേ-സുകുമാരി നരേന്ദ്രമേനോന്‍.
2-സമയമായ്-കെ.പി.പ്രഹ്‌മാനന്ദന്‍, എല്‍.ആര്‍.അഞ്ജലി.
3-ശ്രീമഹാദേവന്‍തന്റെ-കെ.പി.ബ്രഹ്‌മാനന്ദന്‍, പത്മിനി വാര്യര്‍.
4-തന്തിനത്താനോ-ചിറയിന്‍കീഴ് സോമന്‍, സുകുമാരി നരേന്ദ്രമേനോന്‍, പത്മിനി വാര്യര്‍.