പ്ലാത്തോട്ടത്ത് ഇങ്ങനെ ഒരു റോഡ് ഉണ്ട്.

തളിപ്പറമ്പ്: അധികൃതര്‍ തിരിഞ്ഞുനോക്കാതെ ഒരു റോഡ്. മുന്‍സിപ്പാലിറ്റിയിലെ പ്ലാത്തോട്ടം വാര്‍ഡില്‍ ഉള്‍പ്പെടുന്ന റോഡാണ് വര്‍ഷങ്ങളായി കാടുകയറിക്കിടക്കുന്നത്.. ഏകദേശം 10 വീട്ടുകാരും അടുത്ത സ്ഥലങ്ങളിലുള്ളവരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. പല തവണ ഇതിന്റെ ടാറിങ്ങിന് മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വിദ്യാര്‍ഥികള്‍ കൂവോട് റോഡിലെത്താനും, പ്ലാത്തോട്ടം ഭാഗത്തുള്ളവര്‍ കൂവോട് ആയുര്‍വേദ ആശുപത്രിയിലും, കടകളിലുമൊക്കെ പോകാനും ഉപയോഗിക്കുന്ന റോഡിനാണ് ഈ ദുര്‍ഗതി. നാട്ടുകാരില്‍ ചിലരാണ് സ്വന്തം ചെലവില്‍ ഈ റോഡിലെ കാടും പുല്ലും മെഷീന്‍ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം വൃത്തിയാക്കിയത്. പക്ഷേ വീണ്ടും പുല്ലുവളര്‍ന്നു റോഡ് ഉപയോഗശൂന്യമായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ നടന്നുപോകാന്‍പോലും പറ്റാത്ത അവസ്ഥയിലായി. റോഡിന്റെ പ്രാരംഭപ്രവര്‍ത്തികള്‍ നടത്തുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്, അതിന് ശേഷം മണ്ണിട്ടു നിരപ്പാക്കുകയോ റോഡ് ഗതാഗത യോഗ്യമാക്കുകയോ ചെയ്തിട്ടില്ല. പല തവണ ഇതിന് വേണ്ടി മുന്‍സിപ്പല്‍ ചെയര്‍മാനോടും വാര്‍ഡ് മെമ്പറോടും സംസാരിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.