പാവം കാക്ക, ശുചീകരിച്ച് തളര്‍ന്നു, ചൂല് പൊട്ടി താഴെ വീണു.

തളിപ്പറമ്പ്: നിരന്തരമായി ശുചീകരണം നടത്തി തളിപ്പറമ്പിലെ ചൂലേന്തിയ കാക്ക പ്രതിമയുടെ ചൂല് പൊട്ടി താഴെ വീണു.

സംസ്ഥാന ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയ കാക്കയുടെ ചൂലാണ് കുറച്ചുദിവസംമുമ്പ് ഇളകി താഴെ വീണത്.

ദേശീയപാതക്ക് അഭിമുഖമായി ടൗണ്‍സ്‌ക്വയറിന് പിറകിലാണ് 2019 നവംബര്‍-9 ന് ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് അന്ന് ഇത്തരമൊരു ശില്‍പ്പം സ്ഥാപിക്കുന്നതെന്നായിരുന്നു ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടിരുന്നത്.

ഇതിന്റെ ഉദ്ഘാടനത്തിന് മാത്രമായി ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ മിര്‍ മുഹമ്മദാലി തളിപ്പറമ്പില്‍ എത്തുകയായിരുന്നു.

തുടക്കത്തില്‍ നല്ല നിലയില്‍ സംരക്ഷിക്കപ്പെട്ടിരുന്ന കാക്കശില്‍പ്പം പിന്നീട് കാടുകയറുകയായിരുന്നു.

എന്നാല്‍ അടുത്തിടെ പെയിന്റെടിച്ച് ശില്‍പ്പം മോടികൂട്ടിയിരുന്നു.

കുറച്ചുദിവസം മുമ്പാണ് ഈ ശില്‍പ്പത്തില്‍ നിന്നും ചൂല് അടര്‍ന്ന് താഴെ വീണത്.

ഇപ്പോഴിത് പ്ലാസ്റ്റിക്ക് ചരട് ഉപയോഗിച്ച് കാക്കയുടെ ചുണ്ടില്‍ കെട്ടിയിട്ട നിലയിലാണ്.

പ്രമുഖ ശില്‍പ്പി കെ.കെ.ആര്‍.വെങ്ങരയാണ് ശില്‍പ്പി. ഒന്നരലക്ഷത്തോളം രൂപയായിരുന്നു ഇതിന്റെ നിര്‍മ്മാണചെലവ്