മക്കള്‍ക്ക് മാത്രമല്ല, അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും സ്വാഗതം-ഇത് നൃത്താഞ്ജലിയാണ്.
കരിമ്പം.കെ.പി.രാജീവന്‍.
തളിപ്പറമ്പ്: പ്രായമായില്ലേ ഇനി ഒന്നും വയ്യ എന്ന നെടുവീര്‍പ്പുകള്‍ക്ക് തളിപ്പറമ്പിലെ നൃത്താഞ്ജലി നൃത്തവിദ്യാലയത്തില്‍ ഇടമില്ല.
തങ്ങള്‍ക്കും ഒരിടമുണ്ട് എന്ന ദൃഡനിശ്ചയത്തില്‍ നൃത്തം അഭ്യസിക്കുന്ന 18 അമ്മമാരാണ് ഇപ്പോള്‍ നൃത്താഞ്ജലയിലെ കുട്ടികളായി മാറിയിരിക്കുന്നത്.
ജീവിതം കൂടുതല്‍ ആധുനികമായതോടെ ശരീരത്തിന് വ്യായാമം കുറഞ്ഞുവെന്ന തിരിച്ചറിവാണ് ഇവരെ നൃത്തം പഠിക്കാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി നൃത്തപഠനം തുടരുന്ന അമ്മമാര്‍ അടുത്തവര്‍ഷം ജൂണില്‍ അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്.
റിട്ട.അധ്യാപികയും അമ്മായിഅമ്മയും മരുമകളുമൊക്കെ ഇവിടെ അമ്മമാരുടെ ബാച്ചില്‍ പഠിതാക്കളായുണ്ട്.
ചെറുപ്പത്തില്‍ നൃത്തം അഭ്യസിച്ചവരും ജീവിതത്തില്‍ ഒരിക്കലും നൃത്തം പഠിക്കാത്തവരും പഠിതാക്കളായുണ്ടെന്ന് നൃത്താധ്യാപിക ജസീന്ത ജയിംസ് പറയുന്നു.
റിട്ട.അധ്യാപിക എല്‍സി ടീച്ചര്‍, യൂണിവേഴ്‌സല്‍ ഗ്യാസ് ഏജന്‍സി ഉടമ മഹിജ, മരുമകള്‍ ഹര്‍ഷ ജിതിന്‍, ഡോ.ഹിമ അജയകുമാര്‍, ഡോ.ഇറിന ചന്ദ്രന്‍, സൂസന്‍, ബിന്ദു ചന്ദ്രന്‍, ജിഷ, ദീപിക, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരായ റെജിയ, സുധ, സിമ്പിള്‍, വിദ്യ സജി, ഹസീന, മീരാ മധുസൂതനന്‍, ആകാംക്ഷ, സ്പന്ദന, സീത എന്നിവരാണ് നൃത്തം പഠിക്കുന്നത്.
ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും നൃത്താഭ്യാസം ഉത്തേജനം നല്‍കുന്നുണ്ടെന്നതിനാലാണ് വീട്ടമ്മമാരും ഉദ്യോഗസ്ഥരുമായ ഇവര്‍ പഠിതാക്കളായി എത്തിയത്.
മാനസിക ഉല്ലാസത്തിനും നൃത്താഭ്യാസം പ്രയോജനപ്രദമാകുന്നുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
40 നും 58 നും ഇടയില്‍ പ്രായമുള്ളവരാണ് പഠിതാക്കളില്‍ കൂടുതലും.
60 വയസു കഴിഞ്ഞവര്‍ക്ക് മാത്രമായി പ്രത്യേക പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് നൃത്താഞ്ജലി ഡയരക്ടര്‍ ജസീന്താ ജയിംസ് പറഞ്ഞു.
നൃത്താധ്യാപക രംഗത്ത് വേറിട്ടപാത സ്വീകരിച്ച തളിപ്പറമ്പ് സ്വദേശി ജസീന്താ ജയിംസ് നൃത്തരംഗത്തെ നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിത്വമാണ്.
സ്‌ക്കൂള്‍ കലോല്‍സവങ്ങളിള്‍ നേട്ടങ്ങള്‍ വാരിക്കൂട്ടിയ മകള്‍ കലാക്ഷേത്ര ജാനറ്റിന്റെ ഗുരുനാഥയും ഇവര്‍ തന്നെയാണ്.
ഈ വര്‍ഷം രജതജൂബിലി ആഘോഷിച്ച നൃത്താഞ്ജലി നൃത്തപഠനരംഗത്ത് പുതിയ നിരവധി പദ്ധതികളുടെ ആലോചനയിലാണ്.