ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്-ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന- നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.
കണ്ണൂര്‍: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന, വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന് പേരിട്ട് നടത്തിയ പരിശോധന ജില്ലയില്‍ അഞ്ച് സ്ഥലങ്ങളിലായാണ് നടന്നത്. പയ്യന്നൂര്‍, കേളകം, താഴെ ചൊവ്വ, ധനലക്ഷ്മി ആശുപത്രിക്ക് സമീപം, ചക്കരക്കല്ല് എന്നീ ഔട്ട്‌ലെറ്റഉകളിലാണ് പരിശോധന നടന്നത്. ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പയ്യന്നൂരില്‍ പരിശോധന നടത്തിയത്. പി.ആര്‍.മനോജ്, കെ.അജിത്കുമാര്‍, ആര്‍.വിനോദ് എന്നീ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
പയ്യന്നൂരില്‍ രാജീവന്‍ എന്നയാളെ അനധികൃതമായി ജോലിക്ക് നിയോഗിച്ചതായി കണ്ടു. അഞ്ച് ഔട്ട്‌ലെറ്റഉകളിലും ഗൗരവമേറിയ ക്രമക്കേടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ തുക ചില ഉദ്ദ്യോഗസ്ഥര്‍ ഈടാക്കുന്നതായും, ചില ഔട്ട് ലെറ്റുകളില്‍ ബില്ല് നല്‍കാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കള്‍ക്ക് മദ്യം വില്‍ക്കുന്നതായും, കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നതായും പ്രത്യുപകാരമായി പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാരില്‍ നിന്നും കൈക്കൂലിയായി കമ്മീഷന്‍ ചില ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതായും, ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കാറില്ലെന്നും, പൊട്ടാത്ത മദ്യക്കുപ്പികള്‍ ചില ഔട്ട് ലെറ്റുകളില്‍ പൊട്ടിയ ഇനത്തില്‍ തെറ്റായി കാണിച്ച് ആയത് ബില്ല് നല്‍കാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥര്‍ പണം വീതിച്ചെടുക്കുന്നതായും, മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് പല ഉദ്ദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി ഉപഭോക്താക്കള്‍ക്ക് പൊതിയാതെ നല്‍കുന്നതായും കണ്ടെത്തി. മദ്യം ചില ഔട്ടലെറ്റുകളില്‍ നിന്നും വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ട് (30.9.2023) 6.30 മണി മുതല്‍ MOONLIGHT എന്ന പേരില്‍ തിരഞ്ഞെടുത്ത ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരം ജില്ലയിലെ 11-ഉം എറണാകുളം ജില്ലയിലെ 10-ഉം കോഴിക്കോട് 6-ഉം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ 5 വീതവും തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉള്‍പ്പെടെ ആകെ 78 ബെബ്‌കോ ഔട്ട് ലെറ്റുകളിലാണ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയത്.
വിജിലന്‍സ് പരിശോധന നടത്തിയ 78 ഔട്ട് ലെറ്റുകളില്‍ 70 ഔട്ട് ലെറ്റുകളിലും മദ്യം വിറ്റ തുകയും കൗണ്ടറില്‍ കാണപ്പെട്ട തുകയും തമ്മില്‍ വ്യത്യാസം കാണ്ടെത്തിയിട്ടുള്ളതാകുന്നു. ഇപ്രകാരം വ്യത്യാസം കണ്ട ഭൂരിപക്ഷം ഔട്ടലെറ്റുകളിലും കൗണ്ടറില്‍ കാണേണ്ട യഥാര്‍ത്ഥ തുകയേക്കാള്‍ കുറവാണെന്നും, ചില ഔട്ട് ലെറ്റുകളില്‍ അധികമായും തുക കണ്ടെത്തിയിട്ടുള്ളതും ആകുന്നു. ഇപ്രകാരം ക്യാഷ് കൗണ്ടറില്‍ തുക കുറയാനുള്ള സാഹചര്യം വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിജിലന്‍സ് വിധേയമാക്കുന്നതാണ്.
കഴിഞ്ഞ ഒരു വര്‍ഷം ഓരോ ഔട്ട് ലെറ്റില്‍ നിന്നും വിറ്റഴിച്ച മദ്യത്തിന്റെ ബ്രാന്‍ഡ് പരിശോധിച്ചതില്‍ കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ ചില ഔട്ട് ലെറ്റുകള്‍ വഴി ചില പ്രത്യേകതരം മദ്യം മാത്രം കൂടുതല്‍ വിറ്റഴിച്ചതായും, ‘ ആയതിന് പിന്നില്‍ ഉദ്യോഗസ്ഥരെ ബെവ്‌കോ പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാര്‍ സ്വാധീനിച്ചിട്ടുണ്ടോയെന്ന് വിജിലന്‍സ് പരിശോധിക്കുന്നതാണ്. വരും ദിവസങ്ങളില്‍
ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ പാലക്കാട് ജില്ലയിലെ കാഞ്ഞിരം, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ എന്നീ ഔട്ട് ലെറ്റിലെ സ്റ്റോക്കുകളില്‍ മദ്യം കുറവുള്ളതായും വിജിലന്‍സ് കണ്ടെത്തി. പലജില്ലകളിലും മദ്യത്തിന്റെ സ്റ്റോക്ക് വിവരം പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിട്ടില്ലയെന്നും വിജിലന്‍സ് കണ്ടെത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പൊട്ടിയ ഇനത്തില്‍ മാറ്റിയ മദ്യത്തിന്റെ അളവ് പരിശോധിച്ചതില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഔട്ട് ലെറ്റില്‍ 885 ബോട്ടിലുകളും, കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ഔട്ട് ലെറ്റില്‍ 881 ബോട്ടിലുകളും, തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ഔട്ട് ലെറ്റില്‍ 758 ബോട്ടിലുകളും, കോഴിക്കോട് ജില്ലയിലെ ഇഴഞ്ഞിപ്പാലം ഔട്ട് ലെറ്റില്‍ 641 ബോട്ടിലുകളും, കൊല്ലം ജില്ലയിലെ കുരീപ്പുഴ ഔട്ട് ലെറ്റില്‍ 615 ബോട്ടിലുകളും, തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ ഔട്ട് ലെറ്റില്‍ 600 ബോട്ടിലുകളും, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഔട്ട് ലെറ്റില്‍ 488 ബോട്ടിലുകളും, കാസര്‍ഗോഡ് ഔട്ട് ലെറ്റില്‍ 448 ബോട്ടിലുകളും, ഇടുക്കി ജില്ലയിലെ രാമനാട് ഔട്ട് ലെറ്റില്‍ 459 ബോട്ടിലുകളും, മൂന്നാര്‍ ഔട്ട് ലെറ്റില്‍ 434 ബോട്ടിലുകളും, കോഴിക്കോട് ജില്ലയിലെ കുട്ടനെല്ലൂര്‍ ഔട്ട് ലെറ്റില്‍ 354 ബോട്ടിലുകളും, മൂന്നാര്‍ ജില്ലയിലെ മുണ്ടക്കയം ഔട്ട് ലെറ്റില്‍ 305 ബോട്ടിലുകളും, പാലക്കാട് ജില്ലയിലെ പാപമണി ഔട്ട് ലെറ്റില്‍ 310 ബോട്ടിലുകളും, പൊട്ടിയ ഇനത്തില്‍ മാറ്റിയതായും, പാലക്കാട് ജില്ലയിലെ കൊളപ്പുള്ളി ഔട്ട് ലെറ്റില്‍ 3,93,000/- രൂപയുടെ മദ്യവും കോഴിക്കോട് ജില്ലയിലെ കാര്‍ക്കംകുളം ഔട്ട് ലെറ്റില്‍ 3,75,100/- രൂപയുടെ മദ്യവും, ആലപ്പുഴ അന്ധകാരനാഴി ഔട്ട് ലെറ്റില്‍ 2,87,000/- രൂപയുടെ മദ്യവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മദ്യകുപ്പി പൊട്ടിയ ഇനത്തില്‍ മാറ്റിവച്ചതായും വിജിലന്‍സ് കണ്ടെത്തി. ഇപ്രകാരം പൊട്ടിയതായി കാണിച്ച് കൂട്ടിയിട്ടിരിക്കുന്ന കുപ്പികള്‍ വിജിലന്‍സ് സംഘം പരിശോധിച്ചതില്‍ പകുതിയിലധികവും പ്ലാസ്റ്റിക് കുപ്പികള്‍ ആണെന്നും, ചില ഔട്ട് ലെറ്റുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ പരിശോധിച്ചതില്‍ പൊട്ടിയതായി കണ്ടെത്തിയിട്ടില്ലാത്തതുമാകുന്നു. ആയതിനാല്‍ ഇപ്രകാരം ചില ഔട്ട് ലെറ്റുകളില്‍ മാത്രം ക്രമാതീതമായി മദ്യകുപ്പികള്‍ പൊട്ടിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതാണെന്ന് വിജിലന്‍സ് അറിയിച്ചു.
കൂടാതെ ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒട്ടുമിക്ക ബെവ്‌കോ ഔട്ട് ലെറ്റുകളിലും ഉപഭോക്താക്കള്‍ക്ക് മദ്യം പൊതിഞ്ഞു നല്‍കുന്നില്ലയെന്നും, എന്നാല്‍ പൊതിഞ്ഞ് നല്‍കുന്നതിനുള്ള ന്യൂസ് പേപ്പര്‍ മാനേജര്‍മാര്‍ വാങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇപ്രകാരം ഇടുക്കി ജില്ലയിലെ ഒരു ഔട്ട് ലെറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 23,032/- രൂപയുടെ ന്യൂസ് പേപ്പര്‍ വാങ്ങിയതായും എന്നാല്‍ വിജിലന്‍സ് പരിശോധിക്കാന്‍ എത്തിയ സമയം അവിടെ നിന്നും ന്യൂസ് പേപ്പറില്‍ പൊതിയാതെയാണ് മദ്യം നല്‍കുന്നതെന്നും വിജിലന്‍സ് കണ്ടെത്തി.
ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചില ഷോപ്പ് മാനേജര്‍മാര്‍ ബിവറേജ് കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ദിവസവേതനത്തില്‍ ജോലിക്കാരെ നിയമിച്ചിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ രണ്ടു പേര്‍ വീതവും, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോ ആള്‍ വീതവും ഇപ്രകാരം ജോലി നോക്കുന്നത് വിജിലന്‍സ് കയ്യോടെ പിടികൂടി.
കണ്ണൂര്‍ ജില്ലയിലെ താഴെചൊവ്വ, താണ് എന്നീ ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി എക്‌സൈസ് പരിശോധന നടത്തിയിട്ടില്ലയെന്നും വിജിലന്‍സ് കണ്ടെത്തി. ഇന്നലെ നടന്ന മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റി വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതാണെന്നും, കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് മേല്‍ നടപടിക്കായി സര്‍ക്കാരിലേക്ക് നല്‍കുന്നതാണെന്നും വിജിലന്‍സ് ഡയറക്ടര്‍ ടി.കെ.വിനോദ് കുമാര്‍ ഐ.പി.എസ് അറിയിച്ചു.
വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹര്‍ഷിത അത്തല്ലൂരി. ഐ.പി.എസ്-ന്റെ മേല്‍നോട്ടത്തിലും പോലീസ് സൂപ്രണ്ട് (ഇന്റ്‌ലിജന്‍സ്) ചുമതല വഹിക്കുന്ന റെജി ജേക്കബ് ഐ.പി.എസ്സ്-ന്റെ നേതൃത്വത്തിലും നടന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുത്തു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ശ്രീ. ടി.കെ. വിനോദ് കുമാര്‍. ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.