മാധ്യമങ്ങള്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ ഈവന്റ് മാനേജ്‌മെന്റ് കമ്പനികളായി മാറി-എം.വി.ജി.

തളിപ്പറമ്പ്: ഇടതുപക്ഷത്തേയും സി.പി.എമ്മിനേയും തകര്‍ക്കാന്‍ മാധ്യമങ്ങള്‍ പടച്ചു വിടുന്ന കള്ളക്കഥകള്‍ വിലപ്പോവില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

തളിപ്പറമ്പില്‍ സി.പി.എം സംഘടിപ്പിച്ച കോടിയേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ നിരന്തരമായി കള്ളക്കഥകള്‍ പ്രചരിപ്പിക്കാന്‍ ഈവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെ പോലെ പ്രവര്‍ത്തിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമങ്ങള്‍ പടച്ചു വിടുന്ന കള്ളക്കഥകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തെറ്റാണെന്ന് വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

എഴുതുന്നതിന്റെ വരികള്‍ക്കിടയില്‍ വായിക്കാനും കാണാപ്പുറങ്ങള്‍ കാണാനും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

പി.കെ.ശ്രീമതി, ടി.വി.രാജേഷ്, എം.പ്രകാശന്‍, പി.വി.ഗോപിനാഥ്, വി.നാരായണന്‍, കെ.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.