പതിവു തെറ്റിക്കാതെ 18-ാം വര്‍ഷവും നാരായണന്‍കുട്ടി എത്തി.

 

തളിപ്പറമ്പ്: എന്ത് ശാരീരിക അവശതകളുണ്ടെങ്കിലും ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം പി.വി.നാരായണന്‍കുട്ടി തളിപ്പറമ്പ് താലൂക്ക് ഓഫീസിലെത്തും, ഇത് തുടര്‍ച്ചയായി 18-ാം വര്‍ഷമാണ് ഗാന്ധിജയന്തിക്ക് തലേന്നാള്‍ തളിപ്പറമ്പിലെ ഗാന്ധിപ്രതിമ ശുചീകരിക്കാന്‍ എത്തുന്നത്.

2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ ഗാന്ധിപ്രതിമ ഉദ്ഘാടനം ചെയ്തത്.

ആ വര്‍ഷം ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം മുതലാണ് നാരായണന്‍കുട്ടി വര്‍ഷത്തിലൊരിക്കല്‍ ഗാന്ധിപ്രതിമയുടെ ശുചീകരണം തുടങ്ങിയത്.

ഒരുവര്‍ഷത്തെ പൊടിപടലങ്ങളും മണ്ണും കഴുകി വൃത്തിയാക്കിയ പ്രതിമയില്‍ രാവിലെ പുതിയ മാലയും അണിയിക്കും.

ഗാന്ധിജയന്തി ദിനമായ നാളെ രാവിലെ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിയാണ് ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നത്.

സുചീകരണ പരിപാടികള്‍ തഹസില്‍ദാര്‍ പി.സജീവന്‍ ഉദ്ഘാടനം ചെയ്യും.

ഗാന്ധിയനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നാരായണന്‍കുട്ടി ജവഹര്‍ ബാലവേദിയിലൂടെ കെ.എസ്.യു പ്രവര്‍ത്തകനായും പിന്നീട് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തനുമായി മാറിയ വ്യക്തിയാണ്.

അടുത്തകാലത്ത് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണെങ്കിലും 71-ാം വയസിലും ഒക്ടോബര്‍ ഒന്നായാല്‍ തനിക്ക് ഇരിപ്പുറക്കില്ലെന്ന് പറയുന്ന നാരായണന്‍കുട്ടി തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയാണ്.

കെ.എസ്.യു നേതാവായിരുന്ന സജിത്ത്ലാലിന്റെ സഹോദരി ഭര്‍ത്താവാണ്.

ഗാന്ധിജയന്തി ദിനത്തില്‍ ഇന്ന് താലൂക്ക് ഓഫീസിലും പരിസരങ്ങളും ജവഹര്‍ബാലജനവേദിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികളും നടത്താന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.