ഹ്യൂമാനിറ്റി ആന്‍ഡ് കള്‍ച്ചറല്‍ ഹാര്‍മണി അവാര്‍ഡ് വി ടി വിക്ക് സമ്മാനിച്ചു.

അബുദാബി: യു.എ.ഇ. ഗവണ്മെന്റ് അംഗീകാരമുള്ള പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ അബുദാബി ഇന്ത്യാസോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എസ്.സി) ”ഹ്യൂമാനിറ്റി ആന്‍ഡ് കള്‍ച്ചറല്‍ ഹാര്‍മണി അവാര്‍ഡ്” സാംസ്‌കാരിക പ്രവര്‍ത്തകനായ വി.ടി.വി.ദാമോദരന് സമ്മാനിച്ചു.

ഐ. എസ്. സിയുടെ 59-ാമത് വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് ഐ.എസ്. സി പ്രസിഡന്റ് കെ.ജയചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി പി.സത്യബാബു എന്നിവരില്‍ നിന്നും വി.ടി.വി. ദാമോദരന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഐ.എസ്.സി കുടുംബാങ്ങള്‍ക്ക് പുറമെ അബുദാബിയിലെ സാമൂഹിക സാംസ്‌കാരിക വ്യാവസായിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെ കാലമായി യു.എ.ഇയിലെ ജീവകാരുണ്യ, സാംസ്‌കാരിക സാഹിത്യ മേഖലകളിലെല്ലാം പ്രശംസനീയമായ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന വി.ടി.വി. ഗാന്ധി സന്ദേശ പ്രചാരകനും അബുദാബി ഗാന്ധിസാഹിത്യ വേദിയുടെ സ്ഥാപകനും പ്രസിഡന്റും ഉള്‍പ്പെടെ അബുദാബിയിലെ വിവിധ സാംസ്‌കാരിക സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ തന്റെ ജന്മദേശമായ പയ്യന്നൂരില്‍ നിന്നും നിര്‍മ്മിച്ച ഗാന്ധിപ്രതിമയും ഇന്ത്യന്‍ എംബസിയില്‍ ചര്‍ക്കയും നൂലും സ്ഥാപിച്ച് ശ്രദ്ധേയനായ വി.ടി.വി. പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ സാമൂഹിക പ്രസക്തമായ ധാരാളം ലേഖനങ്ങളെഴുതിയ എഴുത്തുകാരന്‍, കവി, പ്രഭാഷകന്‍ എന്ന നിലയിലും പ്രശസ്തനാണ്.

യു.എ.ഇ യുടെ ചരിത്ര സാംസ്‌കാരിക ഔന്നത്യങ്ങളെകുറിച്ചും രാഷ്രപിതാവ് മഹാനായ ഷെയ്ഖ് സായിദിനെ കുറിച്ചും എഴുതിയ ഒരു ഡസന്‍ കവിതകള്‍ അറബി ഭാഷയില്‍ മൊഴിമാറ്റം നടത്തി ”അബുദാബി ഗവണ്മെന്റിന്റെ മാഗസിനായ 999” ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും പ്രശസ്തമായ പയ്യന്നൂര്‍ കൊല്‍ക്കളിക്ക് ഗള്‍ഫ് നാടുകളില്‍ പ്രചാരം നല്‍കിയതിനെയും മാനിച്ച് കേരളഗവണ്മെന്റിന്റെ ഫോക്‌ലോര്‍ അവാര്‍ഡ് ലഭിച്ച പ്രവാസി മലയാളി കൂടിയാണ് വി.ടി.വി. ദാമോദരന്‍.

കലാ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ നാള്‍ വഴികളില്‍ പ്രഥമ ഗാന്ധി ഗ്രാംപുരസ്‌കാരം, ബ്രിട്ടനില്‍ നിന്നും മഹാത്മാ പുരസ്‌കാരും, അക്ഷയ ദേശീയ പുരസ്‌കാരം, കലാ നികേതന്‍ അവാര്‍ഡ്, മലയാളഭാഷ പാഠശാല പുരസ്‌കാരം, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സാമൂഹ്യപ്രവര്‍ത്തന ഗ്ലോബല്‍ അവാര്‍ഡ്, കണ്ണുര്‍ എസ്.എന്‍.കോളേജ് അലുംനിയുടെ പട്ടും വളയും, ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര് അബുദാബി മാസ്റ്റര്‍ ഓഫ് ഫോക്ലോര്‍ അവാര്‍ഡ്, പയ്യന്നുര്‍ മിഡ് ടൌണ്‍ റോട്ടറി അവാര്‍ഡ് തുടങ്ങിയ അര്‍ഹമായ ഒട്ടേറെ ആദരങ്ങള്‍ വി.ടി.വി യെ തേടിയെത്തിയിട്ടുണ്ട്.