‘ഓപ്പറേഷന്‍ വിദഗ്ദ്ധനെ’—–കണ്ടെത്താന്‍ പോലീസ് ഓപ്പറേഷന്‍ തുടങ്ങി-

പരിയാരം: ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച നേഴ്‌സിങ്ങ് അസിസ്റ്റന്റ് ഒളിവിലെന്ന് പരിയാരം പോലീസ്.

കുവോട് സ്വദേശിയായ രതീശനെ അറസ്റ്റ് ചെയ്യുന്നതിനായി പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ ശ്രമം നടത്തിയെങ്കിലും ഇയാള്‍ ഒളിവിലാണെന്ന വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 9 നും ഈ വര്‍ഷം മാര്‍ച്ചില്‍ രണ്ട് ദിവസവും രതീശന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായ ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി. ഐ.പി.സി.354-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ് ഇയാളുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

പോലീസ് പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. അതിനിടെ കഴിഞ്ഞയാഴ്ച്ച ബ്ലഡ്ബാങ്കില്‍ വെച്ച് വിദ്യാര്‍്ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വകുപ്പ്തല അന്വേഷണം നേരിടുന്ന മലപ്പുറം പൊന്നാനി സ്വദേശി വാര്‍ത്തകള്‍ പുറത്തുവന്നതോടെ രായ്ക്കുരാമാനം സ്ഥലംവിട്ടതായും വിവരമുണ്ട്.

മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുവരുന്ന ഇത്തരം പീഡന വിവരങ്ങള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ക്കും ആരോഗ്യമന്ത്രിക്കും പരാതികള്‍ പോയതായും സൂചനയുണ്ട്.