പരിയാരം മെഡിക്കല്‍ കോളേജിലെത്തിയ പാലക്കാട് സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി-

പരിയാരം: പാലക്കാട് സ്വദേശിയായ വയോധികനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി.

മണ്ണാര്‍ക്കാട് എളമ്പിലാശേരി കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഗോപി(74)നെയാണ് കഴിഞ്ഞ 12 ന് രാത്രിക്കും 13 ന് പുലര്‍ച്ചെക്കുമിടയില്‍ കാണാതായത്.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് 10-ാം തീയതിയാണ് ഗോപിയും ഭാര്യയും മകള്‍ അനിതയും ഭര്‍ത്താവ് ദിനേശനും താമസിക്കുന്ന ഏഴിലോട്ടെ ക്വാര്‍ട്ടേഴ്‌സിലെത്തിയത്.

മകളെ പ്രസവത്തിന് വേണ്ടി അഞ്ചാംനിലയിലെ 509-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

12 ന് രാത്രി ദിനേശന്റെ സുഹൃത്ത് രതീഷിനോടൊപ്പം മെഡിക്കല്‍ കോളേജിലെ വാര്‍ഡിന് മുന്നിലെ വരാന്തയില്‍ ഉറങ്ങാന്‍ കിടന്ന ഗോപിയെ രാവിലെ കണ്ടില്ലെന്നാണ് പരാതി.

അതിനിടെ ഗോപിയെ ശ്രീകണ്ഠാപുരത്ത് ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് ബന്ധുക്കള്‍ എത്തിയെങ്കിലും കാണാനായില്ല.

പരിയാരം പോലീസില്‍ പരാതി നല്‍കിയതിനെതുര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.