പോലീസ് നിസ്സഹായരായി, പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലേക്ക് കയറി.
പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിന്റെ പ്രധാന കെട്ടിടത്തിലേക്കും ഭരണവിഭാഗം ഓഫീസിലേക്കും തള്ളിക്കയറാന്‍ ശ്രമിച്ചു.
മാര്‍ച്ചില്‍ പങ്കെടുത്ത വനിതകളെ നിയന്ത്രിക്കാന്‍ ചെറുപുഴ എസ്.ഐ രൂപ മധുസൂതനന്‍ മാത്രമേ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നുള്ളൂ.
യൂത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരിനേതാവ് റിയ നാരായണന്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ബാരിക്കേഡ് ചാടി അകത്തു കടന്നു. എസ്.ഐ രൂപ മധുസൂതനന്‍ പിന്നാലെ ഓടി പിടികൂടിയെങ്കിലും ഇരുവരും തമ്മില്‍ ശക്തമായ പിടിവലി നടന്നു.
ഒടുവില്‍ എസ്.ഐയെ തള്ളിമാറ്റി റിയ പാര്‍ട്ടി പതാകയുമായി മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തിലേക്ക് ഓടി.
പിന്നാലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവിടെയെത്തി.
ഈ സമയം പോലീസ് നിസ്സഹായരായി നോക്കി നില്‍ക്കുകയായിരുന്നു.
മാടായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.രാജന്‍ എത്തിയാണ് ഇവരെ മാറ്റിയത്.
ഈ സമയം രോഗിയുമായി ആംബുലന്‍സ് എത്തിയതോടെ അവിടെനിന്നും മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസിലേക്ക് ഓടിയ പ്രവര്‍ത്തകര്‍ അവിടെവെച്ചും പോലീസുമായി ഏറ്റുമുട്ടി.
എണ്ണത്തില്‍ കുറവായ പോലീസ് പരമാവധി അത്മസംയമനം പാലിക്കുകയും മുതിര്‍ന്ന നേതാക്കളുടെ ഇടപെടലുമാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്.
വനിതാപോലീസുകാരുടെ കുറവാണ് പ്രശ്‌നം കൈവിട്ടുപോകാന്‍ കാരണമായത്. സംഘര്‍ഷം തീര്‍ന്നശേഷമാണ് കൂടുതല്‍ വനിതാപോലീസുകാര്‍ എത്തിയത്.