പെരുഞ്ചെല്ലൂരില്‍ അമൃതവര്‍ഷമായി പെയ്ത് ബംഗളൂരു സഹോദരന്മാര്‍
തളിപ്പറമ്പ്: ശുദ്ധ സംഗീതത്തിന്റെ മഴയായിരുന്നു കഴിഞ്ഞ ദിവസം പെരുഞ്ചെല്ലൂരില്‍.
പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ ബംഗളൂരു ബ്രദേഴ്സ് എം.ബി. ഹരിഹരന്റെയും എസ്.അശോകിന്റെയും സ്വരസമന്വയത്തിലൂടെ വിടര്‍ന്ന രാഗ-താളവര്‍ഷത്തില്‍ ആസ്വാദകരുടെ മനസ് നന്നായി കുളിര്‍ത്തു.
പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ എഴുപത്തി മൂന്നാമത് കച്ചേരിയായിരുന്നു തളിപ്പറമ്പ് നീലകണ്ഠ ഹാളില്‍ അരങ്ങേറിയത്.
ദയാനിധേ മാമവ എന്നുതുടങ്ങുന്ന ബേഗഡ രാഗത്തിലെ ശ്യാമ ശാസ്ത്ര കൃതി പാടിയാണ് കച്ചേരി ആരംഭിച്ചത്.
തൃശൂര്‍ സി.രാജേന്ദ്രന്റെ ഭജ ശാസ്താരം എന്ന കൃതിയാണ് തുടര്‍ന്ന് പാടിയത്. ശ്രീ കമലാംബികേ, ശിവ ശിവ എന്നീരോ, രാഗം ഹിമഗിരി, രേവതി രാഗത്തില്‍ മഹാദേവ ശിവ ശംഭോ എന്ന കീര്‍ത്തനവും ആസ്വാദകര്‍ക്ക് വ്യത്യസ്തമായ അനുഭവമായി.
തുടര്‍ന്ന് ദേവശ്രീ തപസ്തീര്‍ത്ഥ ത്യാഗരാജ കൃതി (ദേവഗാന്ധാരി), സരസ സാമ ദാന – ത്യാഗരാജ കൃതി (കാപ്പി നാരായണി) എന്നീ കൃതികളിലൂടെ ആസ്വാദകരെ ബംഗളൂരു ബ്രദേഴ്സ് കൈയിലെടുത്തു.
തളിപ്പറമ്പ് രാജരാജേശ്വരനെ സ്തുതിച്ച് പരമേശ്വര ജഗദീശ്വരാ ശങ്കര പാഹിമാം എന്ന കൃതി അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകര്‍ക്ക് അമൃതവര്‍ഷമായി മാറി.
തോഡിയാണ് മുഖ്യരാഗമായി ആലപിച്ചത്. മഴവില്ലുപോലെ വിടരുന്ന തോഡി രാഗത്തിന്റെ വിവിധ ഭാവങ്ങള്‍ രണ്ട് സംഗീതജ്ഞരുടെ സ്വരത്തിലൂടെ വര്‍ണിച്ച് വികസിക്കുന്നത് ആസ്വാദകര്‍ക്ക് അപൂര്‍വ അനുഭവമായി.
സുബ്രഹ്‌മണ്യമാം രക്ഷതു എന്ന പ്രശസ്തമായ ദീക്ഷിതര്‍ കൃതിയാണ് ആലപിച്ചത്. തുടര്‍ന്ന് കല്യാണി രാഗത്തില്‍ രാഗം താനം പല്ലവി ആലപിച്ചു. പക്കമേളക്കാരായി വയലിനിന്‍ ആദര്‍ശ് അജയകുമാര്‍, മൃദംഗത്തില്‍ പാലക്കാട് മഹേഷ് കുമാര്‍, ഘടത്തില്‍ മങ്ങാട് പ്രമോദ് എന്നിവര്‍ വായ്പാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു.
സാമ്പ്രദായിക കര്‍ണാടക സംഗീതത്തിന്റെ ആലാപനമികവിലൂടെ ശുദ്ധ സംഗീത പ്രേമികള്‍ക്ക് മറക്കാനാവാത്ത മറ്റൊരു സായാഹ്നംകൂടി സമ്മാനിച്ചിരിക്കുകയാണ് പെരുഞ്ചെല്ലൂര്‍ സംഗീത സഭ.
തളിപ്പറമ്പില്‍ നിന്നും പദ്മശ്രീ ലഭിച്ച തെയ്യം കലാകാരന്‍ ഇ.പി.നാരായണ പെരുവണ്ണാനെ ആദരിച്ചു. വിജയ് നീലകണ്ഠന്‍ പ്രസംഗിച്ചു.