വികസിപ്പിക്കും, പൈപ്പ്‌പൊട്ടും, വീണ്ടും വികസിപ്പിക്കും-തളിപ്പറമ്പ് ഗവ.ആശുപത്രിക്ക് സമീപം റോഡില്‍ വീണ്ടും പൈപ്പ് പൊട്ടി.

തളിപ്പറമ്പ്: നവീകരിച്ച റോഡ് പൊളിച്ച് പൈപ്പുവെള്ളം കുതിക്കുന്നു. നേരത്തെ തന്നെ കുടിവെള്ള പൈപ്പ്‌പൊട്ടി തകര്‍ന്ന ഭാഗത്തുകൂടിയാണ് വീണ്ടും ലിറ്റര്‍കണക്കിന് കുടിവെള്ളം ഒഴുകിപ്പോകുന്നത്.

എവിടെയൊക്കെ വികസിപ്പിക്കണമെന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കിയാണ് തളിപ്പറമ്പിന്റെ പല ഭാഗങ്ങളും വികസിച്ചത്. അതിന്റെ ഭാഗമായി പണിത സംസ്ഥാനപാത-36 ലെ തളിപ്പറമ്പ്-ഇരിട്ടി റോഡിലാണ് ഈ പൈപ്പ് പൊട്ടല്‍.

റോഡരിക് എന്ന സങ്കല്‍പ്പം വേണ്ട, മുഴുവന്‍സ്ഥലത്തും റോഡ് തന്നെ മതി എന്ന വികസനസങ്കല്‍പ്പത്തിന്റെ ഭാഗമായി സര്‍സയ്യിദ് കോളേജ് ജംഗ്ഷന്‍ മുതല്‍ ഗവ.ആശുപത്രിവരെ എല്ലാ ഭാഗവും ടാര്‍ചെയ്തിരിക്കയാണ്.

റോഡ് ടാര്‍ചെയ്യുമ്പോള്‍ അതിനടയില്‍ കുടിവെള്ളപൊപ്പ് പോകുന്നകാര്യം ഇവര്‍ മറന്നു പോയിരുന്നോ എന്ന ചോദ്യം ചോദിക്കരുത്.

സംസ്ഥാനപാത -36 പുതുക്കിപ്പണിതിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതേയുള്ളൂ അതിനിടയില്‍തന്നെ പല ഭാഗങ്ങളും റോഡ് പൊട്ടുകയോ, കുഴിയുകയോ ചെയ്തിട്ടുണ്ട്.

ഗവ.ആശുപത്രിക്ക് മുന്നില്‍ പൈപ്പ് പൊട്ടല്‍മൂലം തകര്‍ന്ന റോഡ് പേരിന് കോണ്‍ക്രീറ്റ് ചെയ്തുവെങ്കിലും അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും പൊട്ടിയത്. ഇനി വീണ്ടും കുഴിക്കും വീണ്ടും കോണ്‍ക്രീറ്റ് ചെയ്യും, വീണ്ടും പൊട്ടും, വീണ്ടും—-