മദ്രസാധ്യാപകന് 26 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പതിനൊന്ന് വയസുകാരിക്ക് നേരെ നിരന്തര ലൈംഗികാതിക്രമം, മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ.

ആലക്കോട് ഉദയഗിരിയിലെ കക്കാട്ട് വളപ്പില്‍ കെ.വി.മുഹമ്മദ് റാഫിയെയാണ്(37) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്.

2017 ലാണ് സംഭവം നടന്നത് മദ്രസയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.

വിവരം അറിഞ്ഞിട്ടും ഉത്തരവാദപ്പെട്ടവരില്‍ നിന്ന് മറച്ചുവെച്ച സംഭവത്തില്‍ രണ്ടാംപ്രതിയായ മദ്രസാ ഭാരവാഹിയെ കോടതി വെറുതെവിട്ടു.

തളിപ്പറമ്പ് പോക്‌സോ കോടതിയില്‍ നിലവിലുള്ള കേസുകളില്‍ മദ്രസാധ്യാപകര്‍ പ്രതികളായ നിരവധി കേസുകളുണ്ടെങ്കിലും ഭൂരിഭാഗവും വിചാരണവേളയില്‍ ഒത്തുതീര്‍പ്പാകുന്ന പ്രവണതകളാണ് ഉണ്ടായിരുന്നത്.

മദ്രസാധ്യാപകന്‍ പ്രതിയായ ഒരു കേസ് തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷിക്കുന്നതും ആദ്യമായിട്ടാണ്.

മതബോധനത്തിലൂടെ സമൂഹത്തെ നന്‍മയുടെ വഴിയിലേക്ക് നയിക്കേണ്ട വ്യക്തി തന്നെ ഇത്തരത്തിലുള്ള ഹീനകൃത്യം ചെയ്തതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വിചാരണവേളയില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

വളപട്ടണം എസ്.ഐയായിരുന്ന ഷാജി പട്ടേരി, എം.കൃഷ്ണന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.