പോലീസ് സ്‌റ്റേഷന്‍ ഷൂട്ടിംഗിനായി സിനിമാക്കാര്‍ ഇവിടെ ക്യൂവിലാണ്

പരിയാരം: പോലീസ് സ്‌റ്റേഷന്‍ ചിത്രീകരിക്കാന്‍ സിനിമ-സീരിയല്‍, ടെലിഫിലിം പ്രവര്‍ത്തകര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഒരു ലൊക്കേഷനായി മാറിയിരിക്കയാണ് പഴയ പരിയാരം പോലീസ് സ്‌റ്റേഷന്‍ കെട്ടിടം.

ഇരുപതോളം സിനിമകളും നിരവധി സീരിയല്‍-ടെലിഫിലിമുകളും ഇവിടെ ഇതിനകം ഷൂട്ടുചെയ്തുകഴിഞ്ഞു.

പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ സൂപ്രണ്ട് ക്വാര്‍ട്ടേഴ്സായിരുന്ന ഈ കെട്ടിടത്തിന് 80 വര്‍ഷം പഴക്കമുണ്ട്.

ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കെട്ടിടം നേരത്തെ മെഡിക്കല്‍ കോളേജ് കാന്റീനായും പ്രവര്‍ത്തിച്ചിരുന്നു.

ഈ കെട്ടിടം സംരക്ഷിത സ്മാരകമാക്കി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നതിനിടയിലാണ് പരിയാരം പോലീസ് സ്‌റ്റേഷന്‍ ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

ഒന്നരവര്‍ഷം മുമ്പ് പോലീസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് സിനിമാക്കാരുടെ തിരക്ക് തുടങ്ങിയത്.

പോലീസ് സ്‌റ്റേഷന്റെ എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടത്തിന്റെ രൂപഭംഗിയാണ് സിനിമാക്കാരെ ആകര്‍ഷിച്ചത്.

നേരത്തെ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 2019 ല്‍ ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ ഷൂട്ടിംഗിന് നല്‍കിയത് വിവാദമായിരുന്നു.

അതിനുശേഷമാണ് പോലീസ് സ്‌റ്റേഷന്‍ സിനിമാ ഷൂട്ടിംഗിന് നല്‍കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.

ഇതോടെയാണ് പോലീസ് സ്‌റ്റേഷന് ഡിമാന്റ് കൂടിയത്.

ഒരു ദിവസത്തെ ഷൂട്ടിംഗിന് 15,000 രൂപയാണ് ആരോഗ്യവകുപ്പ് ഈടാക്കുന്നത്.

10 ദിവസത്തെ ഷൂട്ടിംഗിന് ഒന്നരലക്ഷം രൂപ അടക്കണം.

കെട്ടിടത്തിന് എന്തെങ്കിലും നാശനഷ്ടമുണ്ടായാല്‍ അതിനുള്ള തുകയും നല്‍കണം.

കഴിഞ്ഞ രണ്ട് ദിവസമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ന്നാ താന്‍ കേസ്‌കൊട് എന്ന സിനിമക്ക് ശേഷം രാജേഷ് മാധവനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഇവിടെ നടന്നുവരികയാണ്.

ഈ സിനിമക്ക് വേണ്ടി പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനായി മാറിയിരിക്കയാണ് ഈ കെട്ടിടം.

നേരത്തെ ആശുപത്രി വികസനസമിതിയാണ് കെട്ടിടം വാടകക്ക് നല്‍കിയിരുന്നത്.

ഷൂട്ടിംഗിന്റെ വരുമാനം കൂടിയതോടെ ആരോഗ്യവകുപ്പ് നേരിട്ടാണ് ഇപ്പോള്‍ വാടക പിരിക്കുന്നത്.

മെഡിക്കല്‍ കോളേജ് കാമ്പസിലെ മറ്റ് കെട്ടിടങ്ങളുടെ വാടക പിരിക്കുന്നത് വികസനസമിതിയാണെന്നിരിക്കെ ഷൂട്ടിംഗിന്റെ വാടക ആരോഗ്യവകുപ്പ് നേരിട്ട് പിരിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.